ഗേയ്‌ലേ! നിങ്ങള്‍ എന്ത്‌കൊണ്ടാണ് ആശ്രമ ജീവിതം ഉപേക്ഷിച്ച്‌പോയതെന്ന് നന്നായി അറിയാം

Posted: ഫെബ്രുവരി 20, 2014 in malayalam

lakshmiഗായത്രിയെക്കുറിച്ച്  ബ്രഹ്മചാരിണി ലക്ഷ്മി
എന്റെ പേര് ലക്ഷ്മി. ഞാന്‍ ഹോളണ്ട്കാരിയാണെങ്കിലും കഴിഞ്ഞ 29 വര്‍ഷമായി അമ്മയുടെ അമൃതപുരിയിലെ ആശ്രമാന്തേവാസിയാണ്. മാത്രമല്ല കഴിഞ്ഞ 19 വര്‍ഷമായി അമ്മയുടെ മുറിയില്‍ മുഴുവന്‍ സമയവും അമ്മയെ സേവിച്ചുകെണ്ടിരിക്കയാണ്. അമ്മയെ സേവിക്കുക എന്ന ഈ വരദാനം മരണം വരെ എനിക്ക് ലഭിച്ച്‌കൊണ്ടിരിക്കണമെന്നതാണ് എന്റെ ആത്മാര്‍ഥമായ പ്രാര്‍ഥന. ഞാനിതെഴുതാന്‍ ഒരു കാരണമുണ്ട് ഞാനും സ്വാമിനി ആത്മപ്രാണയും (ഡോ.ലീല) അമ്മയെ വിട്ടുപോയിരിക്കുന്നു എന്നൊരു കിംവദന്തി ഇന്റര്‍നെറ്റില്‍ പരന്നിരിക്കുന്നതായി ചിലര്‍ എന്നെ അറിയിച്ചു. സംതൃപ്തിയോടെ അമ്മയെ സേവിച്ച്‌കൊണ്ട് ഞങ്ങള്‍ ഇരുവരും അമ്മയോടൊപ്പം ഉണ്ടെന്ന് വെളിപ്പെടുത്തട്ടെ. ഈ സന്ദര്‍ഭത്തില്‍, ഗെയ്‌ലിനെപ്പറ്റിയും അവരില്‍ നിന്ന് എനിക്കുണ്ടായ ചില വ്യക്തിപരമായ അനുഭവങ്ങളെപ്പറ്റിയും ഉള്ള ചില കാര്യങ്ങള്‍ പങ്കുവെക്കേണ്ടത് എന്റെ ധര്‍മ്മമായി ഞാന്‍ കണക്കാക്കുന്നു.ഒന്നാമത്തെ കാര്യം താന്‍ 20 വര്‍ഷം അമ്മയുടെ മുറിയില്‍ വസിച്ച് അമ്മയെ സേവിച്ചുകൊണ്ടിരുന്നു എന്ന ഗെയ്‌ലിന്റെ അവകാശവാദം സത്യമല്ല. 1999 -ല്‍ അമ്മയെ വിട്ടുപോയതിന് മുമ്പുള്ള അഞ്ചാറ് വര്‍ഷങ്ങള്‍ ഗെയില്‍ അമ്മയുടെ മുറിയിലായിരുന്നില്ല താമസം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് അവര്‍ താമസം മാറിയിരുന്നു. അതിന് ശേഷം എന്നെ സഹായിക്കാന്‍ അവരിടക്ക് താഴെ വരുമായിരുന്നു. ഞാന്‍ അമ്മയോടൊപ്പം താമസിക്കാന്‍ തുടങ്ങുന്നതിന് മുമ്പും അമ്മയുടേയും ഗെയ്‌ലിന്റേയും കൂടെ മറ്റു സ്ര്തീകള്‍ താമസിച്ചിരുന്നു. അവര്‍ വിട്ടുപോയ ഉടനെ സ്വാമിനി കൃഷ്ണാമൃതപ്രാണ (സൗമ്യ,ആസ്രേ്തലിയ)യും അമ്മയുടെ വസതിയില്‍ താമസം തുടങ്ങി.1981ല്‍ ഗെയില്‍ ആദ്യമായി അമ്മയെ കാണാന്‍ വന്നപ്പോള്‍ അവര്‍ക്ക് ഉടുതുണിക്ക് മറുതുണിപോലും ഉണ്ടായിരുന്നില്ല. അന്ന് ആശ്രമമുണ്ടായിരുന്നില്ല, അമ്മയുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗെയ്‌ലിന്റെ ഊരും പേരും പാശ്ചാത്തലവും ഒന്നും അന്വേഷിക്കുകപോലും ചെയ്യാതെ അമ്മ ഗെയ്‌ലിനെ പൂര്‍ണ്ണമായി സ്വീകരിച്ചു. എല്ലാ ചുമതലകളും അവരെ ഏല്പിച്ചു. അന്നുമുതല്‍, ആശ്രമം വിട്ടുപോകുന്നവരെ ഒരു രാജ്ഞിയെപ്പോലെയാണ് ഗെയില്‍  ജീവിച്ചത്. അവര്‍ അമ്മയുടെ മാതാപിതാക്കളേയും സഹോദരീസഹോദരന്മാരേയും ഭക്തരേയും ആശ്രമവാസികളേയും, എന്തിനധികം, അമ്മയുടെ ശിഷ്യരെവരെ ഭരിച്ചു. ഗെയില്‍  എപ്പോഴും ഒരു ഉപജാപകവൃന്ദത്തെ കൂടെ നിര്‍ത്തിവന്നു-  അവരെ അനുസരിച്ചിരുന്ന ഒരുകൂട്ടം ആള്‍ക്കാരെ – ഒരു സ്വേച്ഛാധിപതിയെപ്പോലെ. അവര്‍ തനിക്ക്ചുറ്റുമുള്ള മറ്റുള്ളവരെയെല്ലാം ചവുട്ടിമെതിച്ചു മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് തരിമ്പും വില കല്പിക്കാതെ.

ഗെയ്‌ലേ! നിങ്ങളുടെ അനിയന്ത്രിത കോപവും ഹിംസ്രമായ ആക്രമണവും ഞാന്‍ എത്ര തവണ സഹിക്കേണ്ടി വന്നിട്ടുണ്ട്! അടി, തൊഴി, പിച്ച്, മുഖത്ത് തുപ്പല്‍, മുടി പിടിച്ച് വലിക്കല്‍, ഭീഷണിപ്പെടുത്തല്‍ ഇങ്ങനെ എന്തെല്ലാം നിങ്ങള്‍ എന്നോട് ചെയ്തു! ഇതെല്ലാം നിത്യസംഭവങ്ങളായിരുന്നു. ഒരിക്കല്‍ ചൂടായ ഇസ്ര്തിപ്പെട്ടി എന്റെ ദേഹത്തേക്ക് എറിഞ്ഞത് ഓര്‍ക്കുന്നു. ആശ്രമവാസികള്‍ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലുമുള്ള ഭക്തന്മാരും ഇക്കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ആശ്രമത്തില്‍ ആരും നിങ്ങളെ സ്‌നേഹിച്ചില്ല, പിന്തുണച്ചില്ല എന്നതെല്ലാം പച്ചക്കള്ളമല്ലേ? സത്യത്തില്‍, ഭാരതീയരും വിദേശീയരുമായ ആശ്രമവാസികളും ഭക്തരും അമ്മയുടെ ശിഷ്യരുമെല്ലാം നിങ്ങളോട് വളരെ സ്‌നേഹാദരങ്ങളോട് കൂടിയാണ് പെരുമാറിയിരുന്നത്. ഭക്തര്‍ നിങ്ങളെ പരമ്പരാഗതമായ രീതിയില്‍ പാദപൂജ ചെയ്തല്ലേ സ്വീകരിച്ചിരുന്നത്. ഭാരതീയരായ ഭക്തര്‍ നിങ്ങള്‍ക്ക് ഭാരതീയ ഭക്ഷണം കൊണ്ടുവന്ന് തന്നിരുന്നില്ലേ? വിദേശ ഭക്തര്‍ വിദേശ ഭക്ഷണം കൊണ്ടുവന്ന് തന്നിരുന്നില്ലേ? നിങ്ങളുടെ വസ്ര്തങ്ങള്‍ കഴുകിത്തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ലേ? നിങ്ങളെ തിരുമ്മാന്‍ ആള്‍ക്കാരുണ്ടായിരുന്നില്ലേ? ഇതെല്ലാം സത്യമല്ല എന്ന്, മനഃസാക്ഷിയെ വഞ്ചിക്കാതെ നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ?

ഗേയ്‌ലേ! നിങ്ങള്‍ സത്യത്തില്‍ എന്ത്‌കൊണ്ടാണ് ആശ്രമ ജീവിതവും സന്യാസജീവിതവും ഉപേക്ഷിച്ച്‌പോയതെന്ന് നിങ്ങള്‍ക്കും നന്നായി അറിയാം, എനിക്കും നന്നായി അറിയാം, മറ്റുചിലര്‍ക്കും നന്നായി അറിയാം. അമ്മയുടെ ഒരു അമേരിക്കന്‍ ഭക്തനുമായി നിങ്ങള്‍ പ്രേമത്തിലായിരുന്നു. നിങ്ങള്‍ പോയശേഷം അദ്ദേഹം അമ്മയോട് നേരിട്ട് പറഞ്ഞതാണിത്. ഭയന്നുപോയ അദ്ദേഹം, നിങ്ങള്‍ അയച്ച ഇമെയിലുകള്‍ അമ്മയെ കാണിക്കുകവരെ ചെയ്തു. ബ്രഹ്മചാരീ ശുഭാമൃതയും മറ്റൊരാശ്രമവാസിയും ഈമെയിലുകള്‍ അമ്മയ്ക്ക് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത്‌കൊടുക്കുമ്പോള്‍ ഞാനുമുണ്ടായിരുന്നു. ഈ നിഷ്‌കളങ്ക മനുഷ്യനെ അമ്മയില്‍ നിന്ന് അകറ്റിയെടുക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. പക്ഷേ നിങ്ങളുടെ ആഗ്രഹങ്ങള്‍ ഒരിക്കലും സഫലമായില്ല. ഗേയ്‌ലേ! സാക്ഷാത്കരിക്കപ്പെടാത്ത പ്രതീക്ഷകളും സഫലമാകാത്ത ആഗ്രഹങ്ങളും മൂലം നിങ്ങളില്‍ പകയും അസൂയയും നിറഞ്ഞു. നിഷ്‌കളങ്കഹൃദയങ്ങളിലേക്ക്, നിങ്ങളുടെ നുണകളും കുത്സിതത്വവും പകരാമെന്ന വ്യമോഹത്തോടെ നിങ്ങള്‍ വിഷം തുപ്പുന്ന സര്‍പ്പമായി മാറി.

നിങ്ങള്‍ സ്വന്തം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് ലോകം മുഴുവന്‍ യാത്രചെയ്യാന്‍ ആഗ്രഹിച്ചു. എന്നോടും മറ്റു പലരോടും നിങ്ങള്‍ ഈ ആഗ്രഹം പലവട്ടം പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആഗ്രഹങ്ങളുമായാണ് നിങ്ങള്‍ ആശ്രമം വിട്ടത്. പക്ഷെ നിങ്ങളുടെ സ്വാര്‍ത്ഥമോഹങ്ങളും സ്വപ്നങ്ങളും ഒരിക്കലും യഥാര്‍ത്ഥമായില്ല. മഹാഗുരുക്കന്മാര്‍ പറഞ്ഞിട്ടുണ്ട്, നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ലെങ്കില്‍ അവ ക്രോധമായോ പ്രതികാര ബുദ്ധിയായോ പ്രകടമാകുമെന്ന്. അവസാനം നശിക്കുന്നത് നമ്മള്‍ തന്നെയാണ്. ഇതാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്.

അമ്മ, തന്റെ അപാര കൃപയാല്‍, ധാരാളം അവസരങ്ങള്‍ നല്കി നിങ്ങളെ അനുഗ്രഹിച്ചു ക്രമേണ നിങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന ചിന്തയാല്‍. അവസാനം അമ്മ നിങ്ങള്‍ക്ക് സനന്ന്യാസമെന്ന അനുഗ്രഹവും തന്നു. ഈ ജീവിത വ്രതത്തിന്റെ പവിത്രത നിങ്ങള്‍ അറിയുന്നുണ്ടോ? മഹാ ഗുരുക്കന്മാര്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും അറിയുന്നവരാണ്. എങ്കിലും അവര്‍ എല്ലാവര്‍ക്കും, ഭേദചിന്തകൂടാതെ, വളരാനും വികസിക്കാനുമുള്ള അവസരം കൊടുക്കും. അവര്‍ ഭൂമിമാതാവിനെപ്പോലെ ക്ഷമയോടെ കാത്തരിക്കും. പക്ഷേ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മാത്രം വില കല്പിച്ച നിങ്ങള്‍, ആ അമൂല്യമായ അവസരങ്ങളൊക്കെ തുലച്ച്  കളഞ്ഞു. സ്വന്തം കുത്സിത മാനസികതയില്‍ മുഴുകിയിരുന്ന നിങ്ങള്‍ക്ക്, ഒരിക്കലും അമ്മയുടെ സ്‌നേഹമോ, കാരുണ്യമോ, മാര്‍ഗ്ഗദര്‍ശനമോ ഉള്‍ക്കൊള്ളാനായില്ല. നിങ്ങളുടെ സ്വന്തം കുറ്റങ്ങളും കുറവുകളും ബലഹീനതകളും നിങ്ങള്‍ അമ്മയില്‍ ആരോപിച്ചു. നിങ്ങളുടെ മനസ്സ് അമ്മയോടുള്ള പക പകകൊണ്ട്  നിറഞ്ഞിരിക്കുന്നു.

പലപ്പോഴും നിങ്ങളുടെ സമീപനവും പെരുമാറ്റവും ഞങ്ങളെയൊക്കെ ഭയപ്പെടുത്താറുണ്ട്. സ്വീഡനില്‍വച്ച്, നിങ്ങള്‍ സ്വയം മുന്‍കൈയെടുത്ത് അമ്മയെ വള്ളത്തില്‍ കയറ്റി ആഴമുള്ള ജലപരപ്പിലേക്ക് സ്വയം തുഴഞ്ഞുകൊണ്ടുപോയി മറിച്ചിട്ട സംഭവം ഞങ്ങള്‍ പലരും കൃത്യമായി ഓര്‍ക്കുന്നു. ആത്രയും ആഴമുള്ളിടത്തേക്ക് വള്ളം കൊണ്ടുപോകരുതെന്ന് അമ്മ നിങ്ങളോട് അപേക്ഷിക്കുന്നത് ഞാനടക്കം ടൂര്‍ സംഘത്തിലെ പലരും കേട്ടതാണ്. വള്ളം ഉലയ്ക്കരുതെന്നും ശ്രദ്ധിക്കണമെന്നും അമ്മ നിങ്ങളോട് ഉറക്കെ പറയുന്നത് ഞങ്ങളെല്ലാം കേട്ടതാണ്. പെട്ടെന്ന് വള്ളം മറിയുന്നതും, അതിനടിയില്‍ അമ്മ തണുത്തുറഞ്ഞ ജലാന്തര്‍ഭാഗത്തേക്ക് മറിയുന്നതും കണ്ട് ഞങ്ങളെല്ലാം അലമുറയിട്ട് കരയാന്‍ തുടങ്ങി. അതൊരു ഭയാനക ദൃശ്യമായിരുന്നു.

ബ്രഹ്മചാരിണി പവിത്രാമൃത (ലീലാവതി), വിനീതാമൃത (ശ്രീലത) എന്നിവരുടെ യാചന അവഗണിച്ച്, വിഷവീര്യമുള്ള കൂണുകൊണ്ട് നിങ്ങള്‍ അമ്മയ്ക്ക് കറി ഉണ്ടാക്കികൊടുത്ത മറ്റൊരു സംഭവവും ഞങ്ങള്‍ക്കെല്ലാം ഓര്‍മ്മയുണ്ട്. അതു കഴിച്ച ശേഷം രണ്ട് ദിവസം അമ്മ ഛര്‍ദ്ദിച്ച്‌കൊണ്ടിരിന്നു. രക്ത പരിശോധനയിലൂടെ വെളിപ്പെട്ടത്, മാരകമായേക്കാവുന്ന അപകടകാരികളായ വിഷവസ്തുക്കള്‍ അമ്മയുടെ രക്തത്തില്‍ കലര്‍ന്നട്ടുണ്ടെന്നാണ്. മറ്റൊരിക്കല്‍, നിര്‍ദ്ദേശിക്കപ്പെട്ടതിലും വളരെയധികം മരുന്ന് നിങ്ങള്‍ അമ്മയ്ക്ക് നല്കുകയുണ്ടായി. അമ്മ ഉദരരോഗം ബാധിച്ച് അവശയായപ്പോള്‍ നിങ്ങള്‍ എന്നെ കുറ്റക്കാരിയാക്കാന്‍ നോക്കി. നിങ്ങള്‍ ഇതൊന്നും മറന്നിരിക്കാന്‍ ഒരു സാദ്ധ്യതയും ഇല്ല.

നിങ്ങളെപ്പോലെത്തന്നെ സ്വാമിനി കൃഷ്ണാമൃത പ്രാണയ്ക്കും, സ്വാമിനി ആത്മപ്രാണയ്ക്കും സന്ന്യാസം കിട്ടിയതാണ്; അവര്‍ നിങ്ങളുടെ നികൃഷ്ട പ്രകൃതം കണ്ട് ഞെട്ടിയിരിക്കയാണ്. ഇത്രയ്ക്ക് വെറുപ്പും ദ്രോഹവും പകയും വച്ച് പുലര്‍ത്താന്‍ കഴിയുന്നസ്ഥിതിക്ക്, നിങ്ങള്‍ക്ക് എന്തൊക്കെ സാധിക്കും എന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു. മുമ്പും  നടന്നതൊന്നും യാദൃശ്ചികമല്ലായിരുന്നു എന്ന് ചിന്തിക്കാന്‍ ഞാനിപ്പോള്‍ പ്രേരിതയായിരിക്കുന്നു. പക്ഷേ, അമ്മ ഈ സംഭവങ്ങളൊന്നും ആരോടും പറഞ്ഞില്ല. അമ്മ അതെല്ലാം സ്വീകരിച്ചു, നിങ്ങളോട് ക്ഷമിച്ചു, നിങ്ങളില്‍ സ്‌നേഹവും കാരുണ്യവും പകരുന്നത് തുടര്‍ന്നു.

ഇതെല്ലാം ഉണ്ടായിട്ടും നിങ്ങള്‍ക്ക്‌വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ അമ്മ ഞങ്ങളോട് പറഞ്ഞുള്ളൂ. മാത്രമല്ല, ഇന്നും അമ്മ എന്റെ പേര് വിളിക്കാനായുമ്പോള്‍ ‘ഗായത്രീ’ എന്ന് പലപ്പോഴും ഉച്ചരിച്ച് പോകാറുണ്ട്. നിങ്ങളുടെ വിഷവാക്കുകളെ സത്യമെന്ന് തെറ്റിദ്ധരിപ്പിച്ച്, വിറ്റഴിച്ച്, നിഷ്‌കളങ്കരായ വ്യക്തികളെ അന്ധരാക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോഴും, നിങ്ങളോട് സ്‌നേഹം മാത്രമേ തന്റെ ഹൃദയത്തിലുള്ളൂ എന്നാണ് അമ്മ പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ അമ്മയുടെ അനന്തമായ കാരുണ്യത്തിന്റേയും മാതൃത്വത്തിന്റേയും മുമ്പില്‍ തല കുനിക്കാനേ എനിക്ക് കഴിയുന്നുള്ളൂ.

ഒരു ശിഥില മനസ്സിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അമ്മയ്ക്ക്‌വേണ്ടി പ്രതിരോധം സൃഷ്‌ക്കുകയോ അമ്മയെപ്പറ്റി വിശദീകരിക്കുകയോ ചെയ്യേണ്ട ആവശ്യമൊന്നുമില്ല. പക്ഷേ ധര്‍മ്മത്തിന് വേണ്ടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.

ഗേയ്‌ലേ! നിങ്ങളെക്കുറിച്ച് സത്യത്തില്‍ ഞാന്‍ ദുഃഖിതയാണ്.
നിങ്ങള്‍ ഈ തമസ്സില്‍ നിന്ന് പുറത്ത് വരട്ടേയെന്ന പ്രര്‍ഥനയോടെ,
ലക്ഷ്മി  ( Maureen Weildenberg)

source:  Remembering Gail Tredwell– A Letter From Brahmacharini Lakshmi

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )