ഗേയ്‌ലിന്റെ ആരോപണങ്ങള്‍ ഭ്രാന്തന്‍ ജല്പനങ്ങളാണ്

Posted: ഫെബ്രുവരി 20, 2014 in malayalam

സാഹചര്യങ്ങള്‍ എന്നെ ദക്ഷിണാഫ്രിക്കായില്‍ എത്തിച്ചതുവരെ, ഏതാണ്ട് 20 വര്‍ഷത്തോളം കാലം ഞാന്‍ അമൃതപുരിയില്‍ വസിച്ചു. എനിക്ക് ഗേയ്‌ലുമായി വളരെ ഇടപെടേണ്ടി വന്നിട്ടുണ്ട്. മിക്കവാറും എല്ലാ ദിവസവും തന്നെ ഞാന്‍ ഗേയ്‌ലിനെ കാണുകയും ഗേയ്‌ലുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. 1989 ല്‍ ഞാന്‍ ആശ്രമത്തില്‍ താമസം തുടങ്ങിയ അന്നുമുതല്‍ ഗെയിൽ വിട്ടുപോകും വരെ.

ഗെയിൽ അമ്മയെ വിട്ടു പോയപ്പോള്‍ ധാരാളം പേര്‍ക്ക് ഞെട്ടല്‍ ഉളവായി. പക്ഷേ, ഞാന്‍ ഒട്ടും ആശ്ചര്യപ്പെട്ടില്ല. കാര്യങ്ങള്‍ അവിടം വരെ എത്തുന്നത്, ഞാന്‍ വ്യക്തമായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഗേയ്‌ലിന്റെ ‘അന്തരംഗ’ക്കാരായിരുന്ന ചില സ്ര്തീകള്‍ അതേ സമയം വിട്ടു പോയതും എന്നെ ആശ്ച്രര്യപ്പെടുത്തിയില്ല കാരണം, ഗെയിൽ അവരെ അമ്മയ്‌ക്കെതിരെ സാവധാനം തിരിച്ചതെങ്ങനെയെന്നും ഞാന്‍ കണ്ടുകൊണ്ടിരുന്നു.

ഞാന്‍ ആദ്യം ആശ്രമത്തില്‍ എത്തുമ്പോള്‍, ഗെയിൽ വ്യസ്യസ്തയായ ഒരു വ്യക്തിയായിരുന്നു. അവര്‍ക്ക് സൗമ്യമായ ഒരു വശമുണ്ടായിരുന്നു. ചിലപ്പോള്‍ ദയയും പരിഗണനയും കാണിക്കുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. അവര്‍ക്ക് അമ്മയോടുണ്ടായിരുന്ന അടുപ്പം കാരണം ഞാന്‍ അവരെ വളരെയധികം ആദരിച്ചിരുന്നു. അവര്‍ മുതിര്‍ന്ന സന്ന്യാസിനി ശിഷ്യയാകയാല്‍ ഞാന്‍ അവരെ ജ്യേഷ്ഠസഹോദരിയായിട്ടാണ് കണ്ടിരുന്നത്. പക്ഷേ, എനിക്കൊരു കാര്യം വേഗം മനസ്സിലായി – വാസ്തവത്തില്‍ അവര്‍ ”തന്‍ കാര്യം നോക്കി’ യാണ്, ഗേയ്‌ലിന്റെ ലോകത്ത് എല്ലാം ‘തനിക്ക്’ ചുറ്റും മാത്രമായിട്ടാണ് കറങ്ങിക്കൊണ്ടിരുന്നത്. തന്നോട് യോജിക്കാതിരിക്കുകയോ, തന്നെ അല്‍പ്പമെങ്കിലും നീരസപ്പെടുത്തുകയും ചെയ്യുന്നവരോട് അവര്‍, അതിനിഷ്ഠുരമായി പെരുമാറാന്‍ മടിക്കില്ലായിരുന്നു. വെറുതെ ഒരു രസത്തിന് വേണ്ടിയും അവര്‍ക്ക് അന്യരോട് ക്രൂരമായി പെരുമാറാന്‍ കഴിയുമായിരുന്നു. അവര്‍ വളരെ കര്‍ക്കശമായി മറ്റുള്ളവരെ നിയന്ത്രിക്കുമായിരുന്നു.ഒരാളുടെ ആശ്രമജീവിതം യാതനാപൂര്‍ണ്ണമാക്കാനായി തന്റെ അധികാരം ഉപയോഗിച്ച് ഒരുകാരണവുമില്ലാതെ അവര്‍ ഒരാള്‍ക്കെതിരെ തിരിയുമായിരുന്നു. എപ്പോഴും ആത്മരക്ഷ ചെയ്തുകൊണ്ടേ അവരുടെ അടുത്ത് നില്‍ക്കാന്‍ പറ്റൂ. വഴുക്കലുള്ളയിടത്ത് നടക്കുന്നത് പോലെയാണ് അത്.

അവരുടെ ക്രൂരതയ്‌ക്കും അസഭ്യം പറച്ചിലുകള്‍ക്കും അധികാരദുര്‍വിനിയോഗത്തിനും പലപ്പോഴും ഇരയാകേണ്ടി വന്നിട്ടുണ്ട്, എനിക്ക്. ഒരിക്കല്‍ എന്നോട് ഒരു നായയോടോ മറ്റോ എന്ന പോലെ അവര്‍ അലറുകയായിരുന്നു. അവരുടെ വായില്‍ നിന്ന് അസഭ്യപദങ്ങള്‍ വന്നുകൊണ്ടിരുന്നു. അവരെ മനസ്സിലാക്കാത്തതിനാല്‍ ”എന്നോടിങ്ങനെ സംസാരിക്കരുത്” എന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ അവരോട് എതിര്‍ത്തു നിന്ന ആദ്യ അവസരമായിരുന്നു അത്. എനിക്ക് അതിനുള്ള വില കൊടുക്കേണ്ടി തന്നെ വന്നു! അവരെന്നെ അടിക്കാന്‍ തുടങ്ങി. അവര്‍ക്ക് ചെവി കൊടുക്കുമായിരുന്നവരോടെല്ലാം, പിന്നീട് അവര്‍ പറഞ്ഞുകൊണ്ട് നടന്നത്, ഞാന്‍ അവരോട് കഠോരമായി പെരുമാറി എന്നാണ്. അമ്മയ്ക്കടുത്തോ , അമ്മയുടെ മുറിയിലോ എനിക്ക് എന്റെ ഒരു പതിവ് സേവയും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ പിന്നീട് ആഴ്ചകളോളം അവര്‍ അവരുടെ അധികാരം ഉപയോഗിച്ച് കരുക്കള്‍ നീക്കിക്കൊണ്ടീക്കുകയും ചെയതു. മാസങ്ങളോളം അവര്‍ ആ ദിവസത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ അവരോട് വളരെ കഠോരത കാട്ടിയ ദിനത്തെക്കുറിച്ച്!

ഒരിക്കല്‍ എനിക്ക് ഛര്‍ദ്ദിയും വയറിളക്കവും ആയിരുന്നപ്പോള്‍ അവര്‍ എന്നോട് കയര്‍ത്ത് അലറുവാന്‍ തുടങ്ങി. അവര്‍ അന്ന് വളരെ മോശം മൂഡിലായിരുന്നു. അവരുടെ ക്രോധത്തിനിടയ്ക്ക് എനിക്ക് സുഖമില്ലെന്ന് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കുകയും എന്റെ ******* (അസഭ്യം) അനുഭവമൊന്നും തനിക്കറിയേണ്ടന്ന് പറയുകയുമാണ് ഉണ്ടായത്.

ഗെയിൽ പലതവണ എന്നെ തല്ലുകയും എന്റെ മുടിക്കുത്ത് വലിച്ചഴിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ലക്ഷ്മിയോട് ചെയ്തവയുമായി തട്ടിച്ച് നോക്കമ്പോള്‍ ഇത് ഒന്നുമല്ല. അവര്‍ ലക്ഷ്മിയെ പലതവണ പൊതിരെ തല്ലുകയും മുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയും മുഖത്ത് തുപ്പുകയും തൊഴിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ ഞാന്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ മാത്രമല്ല ഇതൊക്കെ നേരില്‍ കണ്ടിട്ടുള്ളത്. ഒരിക്കല്‍കോപാക്രാന്തയായി ഗെയിൽ ലക്ഷ്മിയുടെ മേല്‍ ചുട്ടുപഴുത്ത ഇസ്തിരിപ്പെട്ടി വലിച്ചെറിഞ്ഞപ്പോള്‍, ഞാനുണ്ടായിരുന്നു. ഒരു തവണത്തെ ഗേയ്‌ലിന്റെ അത്യന്തം രോഷം നിറഞ്ഞ ആക്രമണഫലമായി ലക്ഷ്മിയുടെ കഴുത്തില്‍ നിന്നും ചോരവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അമ്മയുടെ സാന്നിദ്ധ്യത്തിലല്ല ഇതൊന്നും നടന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ലക്ഷ്മിക്ക് ഒരു ചെറിയ അബദ്ധം പറ്റിയാല്‍മതി ഗെയിൽ അവരെ ഉപദ്രവിക്കും; ചില ദിവസങ്ങളില്‍ ലക്ഷ്മി എന്തെങ്കിലും മിണ്ടുകയോ ചിരിക്കുകയോ ചെയ്താല്‍ മതി, ഗെയിൽ അവരെ ഉപദ്രവിക്കും. ഞാനും ലക്ഷ്മിയും സഹോദരിമാരെപ്പോലെ ആയിരുന്നതിനാല്‍, ഞങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍ ഗെയിൽ സമ്മതിക്കില്ല. ഗെയിൽ അലറിവിളിച്ചുകൊണ്ട് പാഞ്ഞുവരുമെന്ന് ഭയന്ന് പറയാനുള്ള കാര്യങ്ങള്‍ ഞങ്ങള്‍ മന്ത്രിക്കാറേയുള്ളൂ.

സ്വീഡനില്‍ വച്ച് അമ്മയെ കയറ്റിയ ചെറുവള്ളം ഗെയിൽ മറിച്ചിട്ട സംഭവം, ലക്ഷ്മി എഴുതിയത് ഞാന്‍ വായിച്ചു. ഞാന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ എനിക്ക് അത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ കഴിയും. അമ്മയുടെ അപേക്ഷകള്‍ തീര്‍ത്തും അവഗണിച്ചുകൊണ്ട് ഗെയിൽ വള്ളം മറിച്ചിട്ടു. വള്ളത്തിന്റെ നേരേ അടിയില്‍ പെട്ടതിനാല്‍, അമ്മയ്ക്ക് പൊങ്ങി വരാന്‍ കുറേ സമയം വേണ്ടി വന്നു. അമ്മയുടെ ശിരസ്സ് അമ്മയുടെ സാരികൊണ്ട് മൂടിപ്പോയതിനാല്‍, ദിശ കിട്ടാതെ ബുദ്ധിമുട്ടിയെന്ന് അമ്മ പിന്നീട് ഞങ്ങളോട് പറയുകയുണ്ടായി. അന്ന് ഗെയിൽ അമ്മയോട് ചെയ്തതിനെക്കുറിച്ച് ഞാന്‍ ആരോടും പറഞ്ഞില്ല. കാരണം, അമ്മ, തന്റെ അപാരകാരുണ്യത്താല്‍, അക്കാര്യം ആരോടും പറയരുതെന്നാണ് അന്ന് അത് കണ്ട ഞങ്ങളോട് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് ഗേയ്‌ലിനോട് ഏറ്റുമുട്ടരുതെന്നും അമ്മ പറഞ്ഞു. ഗേയ്‌ലിന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് അമ്മ ഞങ്ങളോട് പറഞ്ഞത്.

ആശ്രമംവളര്‍ന്ന്, ധാരാളം പേര്‍ അവിടെ താമസിക്കന്‍ വന്നുതുടങ്ങിയപ്പോള്‍, ഗേയ്‌ലിന് സ്ഥാനമാനങ്ങളും അധികാരവും തലയ്ക്കു പിടിക്കുന്നതായി ഞാന്‍ കണ്ടു. സന്ന്യാസദീക്ഷ ലഭിച്ചുകഴിഞ്ഞപ്പോള്‍, മുമ്പിലത്തേതിലുമധികമായി ആള്‍ക്കാര്‍ അവരുടെ പാദം സ്പര്‍ശിക്കാനും അവരെ ആദരിക്കാനും തുടങ്ങി. താന്‍ വാസ്തവത്തില്‍ മഹത്വമുള്ളവളാണെന്ന് ഇതോടെ അവര്‍ ചിന്തിക്കാന്‍ തുടങ്ങി. അവരുടെ ‘അന്തരംഗ’ക്കാരായ സ്ര്തീകളുടെ ഒരു ഉപജാപകവൃന്ദം അവരോടൊപ്പം ഉണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഇവര്‍, ഗേയ്‌ലിനോടുള്ള തങ്ങളുടെ അടുപ്പം മൂലം, അമ്മയോടും തങ്ങള്‍ വളരെ അടുത്താണെന്ന് ധരിച്ചുപോയി. അവര്‍ ഗേയ്‌ലിനെ സേവിച്ചു, ഗേയ്‌ലിന്റെ ഓരോ ഭ്രാന്തുകള്‍ക്കും കൂട്ടു നിന്നു, ഗേയ്ല്‍ പറഞ്ഞ ഓരോ മണ്ടത്തരങ്ങളും ശരി വച്ചു. കാലക്രമേണ ഗേയ്‌ലിന്റെ ‘അന്തരംഗ’ക്കാരുടെ ജീവിതം അമ്മയ്‌ക്കെന്നതിലുപരി, ഗേയ്‌ലിന് ചുറ്റും തിരിയാന്‍ തുടങ്ങി. ഗെയിൽ അവരെ വളയ്ക്കുന്നതും വശത്താക്കുന്നതും പതുക്കെ അമ്മയില്‍ നിന്നും അകറ്റുന്നതും ഞാന്‍ കണ്ടു. ഒരു ദിവസം ഒരു യുവതി തലയ്ക്ക് കൈയും കൊടുത്തുകൊണ്ട് തറയിലിരിക്കുന്നത് ഞാന്‍ കാണുവാനിടയായി. എന്താണ് സംഭവം എന്ന് ഞാന്‍ അവരോട് ചോദിച്ചു. അമ്മയിലുള്ള തന്റെ വിശ്വാസം ഗെയിൽ കാരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്, അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ഇത് അമ്മയോട് പറയുവാന്‍ ഞാന്‍ പറഞ്ഞു. അവരങ്ങനെ ചെയ്‌തോ എന്നെനിക്കറിയില്ല. ഗെയിൽ പോയ സമയത്ത് തന്നെ അവര്‍ ആശ്രമം വിട്ടുപോയി. ഇത് എനിക്ക് വളരെ ദുഃഖമുണ്ടാക്കി. കാരണം ഈ യുവതി അമ്മയെ ശരിക്കും സ്‌നേഹിച്ചിരുന്നു. ഇങ്ങനെയാണ് ഗെയിൽ സാവധാനം, കൃത്യമായ രീതിയില്‍, തന്റെ ചുറ്റുമുണ്ടായിരുന്ന സ്ര്തീകളുടെ മനസ്സുകളെ വിഷലിപ്തമാക്കിയത്.

ഗെയിൽ അമ്മയെ വിട്ടുപോയസമയത്ത് തന്നെ, മിക്കവാറും അവരെല്ലാവരും തന്നെ അമ്മയെ വിട്ടുപോകുകയും ചെയ്തു. അവസാന വര്‍ഷങ്ങളില്‍ ആശ്രമത്തില്‍ ഒരു കരിയില എടുത്ത് മാറ്റുന്ന ജോലി പോലും ഗെയിൽ ചെയ്തിരുന്നില്ല. മിക്കപ്പോഴും മുറിയില്‍ തന്നെയായിരിക്കും. അവിടെ മറ്റുള്ളവരെക്കൊണ്ട് തന്നെ തിരുമ്മിക്കുകയോ, കൂട്ടുകാരുമായി സംസാരിക്കുകയോ മറ്റോ ചെയ്തുകൊണ്ടിരിക്കും. മേല്‍ക്കൂരയ്ക്ക് തൊട്ട് താഴെയായിരുന്നതിനാല്‍, ഗേയ്‌ലിന്റെ മുറിയില്‍ ചൂടുണ്ടാകാറുണ്ട്. അവര്‍ക്ക ് ഒരു ഇലക്ട്രിക് ഫാനുണ്ടായിരുന്നു. എങ്കിലും ഉച്ചയ്ക്ക് ചൂട് ഏറ്റവും കൂടുമ്പോള്‍ അവര്‍എന്നോട് തണുത്തവെള്ളം ബക്കറ്റുകളില്‍ നിറച്ച് കോണി കയറി ടെറസ്സില്‍ ചെന്ന് അത്‌ടെറസ്സിലൊഴിച്ച് ടെറസ്സ് തണുപ്പിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. വീണ്ടും വീണ്ടും ഇത് ചെയ്യണം. ഇത് വളരെ ക്ഷീണിപ്പിക്കുന്ന കഠിനജോലിയായിരുന്നു. പക്ഷേ, സന്ന്യാസപരമ്പരയോടുള്ള എന്റെ ബഹുമാനം കാരണം, എനിക്കൊരിക്കലും ‘പറ്റില്ല’ എന്ന് പറയാന്‍ തോന്നിയില്ല.

ഗെയിൽ വിട്ട് പോകുന്നതിന് മുമ്പുള്ള പര്യടനയാത്രയില്‍ ഞാന്‍ അമ്മ താമസിച്ചിരുന്ന വീട്ടില്‍ തന്നെയാണ് താമസിച്ചത്. ഗെയിൽ ഉറങ്ങിയിരുന്ന മുറിയില്‍തന്നെയാണ് പലപ്പോഴും ഉറങ്ങിയിരുന്നത്. അവരുടെ പുസ്തകത്തില്‍ അവര്‍ എന്നെ ഞാന്‍ ഒരിക്കലും കടന്നുപോയിട്ടില്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയതായി ചിത്രീകരിച്ചിരിക്കുന്നത് വിചിത്രമായിരിക്കുന്നു. ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതായി വിവരിച്ചിരിക്കുന്നതും വിചിത്രമായിരിക്കുന്നു. അമൃതപുരിയിലെ തന്റെ സ്വന്തം മുറിയിലും, യാത്രാവേളകളിലും ഞങ്ങളെക്കാളൊക്കെ കൂടുതല്‍ ഗെയിൽ ഉറങ്ങാറുണ്ട്. യാത്രാവേളകളില്‍, അമ്മ ദര്‍ശനഹാളിലേയ്ക്ക് പോയി വളരെക്കഴിഞ്ഞാണ്, അവര്‍ ഉണര്‍ന്നെണീക്കാറ്. എനിക്കിത് ശരിക്കുമറിയാം. കാരണം, ഞാന്‍, പകല്‍ അടുക്കളയില്‍ ഗേയ്‌ലിനെ സഹായിക്കാനായി, വീട്ടില്‍ തന്നെ തങ്ങാറാണ് പതിവ്. അവര്‍ രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ പലപ്പോഴും പത്തുമണിയോടടുത്ത് ഞാന്‍ അവര്‍ക്ക് ഒരു കപ്പ് ചായ കൊണ്ടുപോയി കൊടുക്കുമായിരുന്നു. അമ്മയെ വിട്ടുപോയശേഷമാണ്, വര്‍ഷങ്ങക്ക് ശേഷം അവര്‍ക്ക്‌രാത്രിയില്‍ ഒന്ന് സുഖമായി ഉറങ്ങാന്‍ കഴിഞ്ഞതെന്ന് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് വാസ്തവത്തില്‍ അതിശയമാണ് തോന്നുന്നത്.

സാന്റമണ്‍ ആശ്രമത്തില്‍ നിന്നുള്ള ഗേയ്‌ലിന്റെ ”മഹത്തായ രക്ഷപെടല്‍” എന്ന നാടകം എനിക്ക് ഒരു കടങ്കഥയായാണ് അനുഭവപ്പെടുന്നത്. കാരണം, ആഴ്ചകള്‍ക്ക് മുമ്പേ, ഞങ്ങള്‍ ഭാരതത്തിലായിരിക്കവേ, അവര്‍ ഞങ്ങളോട് വ്യക്തമാക്കിയിരുന്നു, അമ്മ അവര്‍ക്ക് കുറേ നാള്‍ മാറി നില്‍ക്കാന്‍ അനുവാദംനല്‍കിയിട്ടുണ്ട് എന്ന്. പര്യടനയാത്ര കഴിഞ്ഞാല്‍ അവര്‍ക്ക് കുറച്ച് മാസങ്ങള്‍ സാന്റമണ്‍ ആശ്രമത്തില്‍ വസിക്കാമെന്ന് അമ്മ സമ്മതിച്ചിരുന്നു. കുറഞ്ഞത് ജനുവരി വരെയെങ്കിലും അവര്‍ അവിടെത്തന്നെയായിരിക്കും, ഭാരതത്തിലേയ്ക്ക് വരില്ല എന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നു. ഞങ്ങള്‍ യാത്രവേളയില്‍ പലതവണ സംസാരിച്ച് ഉറപ്പിച്ച കാര്യമാണ് ഇതു്. പിന്നെ എന്തിനായിരുന്നു, അമ്മ അമേരിക്കയില്‍ തന്നെയുള്ളപ്പോള്‍ രാത്രി സാന്റമണില്‍ നിന്ന് ഒളിച്ചുപോകുന്ന നാടകമൊക്കെ? അവരുടെ ദുഷ്ടലക്ഷ്യത്തിന് അമ്മയെ ഒരു വിചിത്ര സംഘനേതാവായി ചിത്രീകരിച്ച്, കരിവാരിത്തേക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത പദ്ധതിയായിരുന്നു അത്.

അമ്മയ്ക്കും, സ്വാമിജിക്കും, അമൃതാത്മാനന്ദസ്വാമിയ്ക്കും എതിരേയുള്ള ഗേയ്‌ലിന്റെ ഭോഷത്തം മാത്രമായ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതേ ഇല്ല. പക്ഷേ, അമ്മയുടെ സന്നിധിയില്‍ പുതുതായി വന്നവര്‍ക്കോ, അമ്മയെ കണ്ടിട്ടില്ലാത്തവര്‍ക്കോ, തെറ്റിദ്ധാരണയുളവാക്കുന്നവയാണ് അവ എന്നതിനാല്‍, ഞാന്‍ ചിലത് പറയാനുദ്ദേശിക്കുന്നു.

1991 മുതല്‍, ഭജനയ്ക്ക് ശേഷം രാത്രി സമയം ചിലവഴിക്കാന്‍ അമ്മയെന്നെ അനുവദിച്ചിരുന്നു. 18 വര്‍ഷങ്ങളായി അമ്മയോടൊപ്പം രാത്രികള്‍, ചിലപ്പോള്‍ പിറ്റേന്ന് പുലര്‍ച്ച വരെ, ചെലവഴിക്കാനുള്ള മഹാഭാഗ്യംഎനിക്കുണ്ടായിട്ടുണ്ട്. അമ്മ ആള്‍ക്കാരോട് സംസാരിക്കുമ്പോള്‍, അമ്മയുടെ കസേരയുടെ തൊട്ടുമുമ്പില്‍ ഞാന്‍ നിലത്തിരിക്കും. അമ്മയുടെ മുറിയുടെ തൊട്ടടുത്തായി അമ്മയുടെ സ്വീകരണമുറി പണിഞ്ഞപ്പോള്‍, ഞാന്‍ രാത്രികളിലും അമ്മയോടൊപ്പം ചിലവഴിക്കാന്‍ തുടങ്ങി. അമ്മ സ്വാമിജിയോടൊപ്പമോ, അമൃതാത്മാനന്ദസ്വാമിയോടൊപ്പമോ, മറ്റ് സ്വാമിമാരോടൊപ്പമോ ഒറ്റയ്ക്ക് ചിലവഴിച്ച നിരവധി അവസരങ്ങളില്‍ ഞാന്‍ അവിടെയുണ്ടായിട്ടുണ്ട്. ഗെയിൽ അവരില്‍ആരോപിക്കുന്ന ശൃംഗാരചേഷ്ടകളുടെ ലാംഛനപോലും ഞാന്‍ ഒരിക്കലും അവിടെ കണ്ടിട്ടില്ല. ഞാന്‍ 10 വര്‍ഷത്തോളം പ്രതിദിനം അമ്മയുടെ മുറിവൃത്തിയാക്കുകയും അമ്മയുടെ കിടക്ക ശരിയാക്കുകയും ചെയ്തിട്ടുണ്ട്. അമ്മ ഇരിക്കാന്‍ വേണ്ടിയേ കിടക്ക ഉപയോഗിക്കാറുള്ളൂ. നിലത്താണ്എപ്പോഴും കിടന്നുറങ്ങാറുള്ളത്. പല വര്‍ഷങ്ങളില്‍ യാത്രാവേളകളില്‍ ഞാന്‍, അമ്മയുടെ വസ്ര്തങ്ങളും, വിരിപ്പുകളും, തോര്‍ത്തുകളും കഴുകി വൃത്തിയാക്കാറുണ്ട്. അത്യല്‍പ്പം പോലും അവാംഛനീയമായ ഒന്നും തന്നെ എനിക്ക് കാണേണ്ടി വന്നിട്ടില്ല.

മറ്റാരേക്കാളും അധികമായി അമൃതാത്മാനന്ദസ്വാമിയാണ് ഗേയ്‌ലിന്റെ വിദ്വേഷത്തിന് ഏറ്റവുമധികം ലക്ഷ്യമായിട്ടുള്ളത്. അജ്ഞാതമായ കാരണങ്ങളാല്‍, അവര്‍ സ്വന്തം തമസ്സിന്റെ ഛായ അദ്ദേഹത്തിന്റെ മേല്‍ പതിപ്പിക്കുകയാണ്. ഞാന്‍ എപ്പോഴും അദ്ദേഹത്തെ നല്ല ദയാലുവും സുഹൃത്തുമായ ഒരു സ്വാമിയായേ മനസ്സിലാക്കിയിട്ടുള്ളൂ. പക്ഷേ, ഗേയ്‌ലിന്റെ ദൃഷ്ടിയില്‍ അദ്ദേഹത്തിന് ഒരിക്കലും ഒരു നല്ല കാര്യം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, സ്വാമിജിഎന്ന് വിളിക്കപ്പെടുന്ന സ്വാമി അമൃതസ്വരൂപനന്ദ(പഴയ പേര് ബാലു)യെപ്പറ്റി ഗെയിൽ കുത്സിതമായി ഒന്നും തന്നെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. സ്വാമിജി മാത്രമാണ് താന്‍ ഇഷ്ടപ്പെടുന്ന ഒരേയൊരു സ്വാമിയെന്നും, അദ്ദേഹം തനിക്ക് സഹോദരനെപ്പോലെയാണെന്നും അവര്‍ എന്നോട് പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. ഇത് കുഴയ്ക്കുന്ന ഒരു പ്രശ്‌നം വെളിച്ചത്തില്‍ കൊണ്ട് വരുന്നു. എന്തെന്നാല്‍, തന്റെ വൃത്തികെട്ട നുണക്കഥകള്‍ കൊണ്ട് മൂടാന്‍ അമ്മയെക്കഴിഞ്ഞാല്‍ പിന്നെ സ്വാമിജിയെയാണ് അവരുടെ ഭാവനാവിലാസം നിറഞ്ഞ പുസ്തകത്തില്‍ ഗെയിൽ തിരഞ്ഞെടുത്തരിക്കുന്നത്. ഇത് അമ്മയെ വേദനിപ്പിക്കാന്‍ മനപ്പൂര്‍വ്വം ചെയ്തിരിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ആശ്രമത്തിലെ ഏറ്റവും മുതിര്‍ന്ന സന്ന്യാസി സ്വാമിജിയാണ്: അതിനാല്‍ സ്വാമിജി ലോകമെങ്ങും ആദരിക്കപ്പെടുന്നുമുണ്ട്. അദ്ദേഹം അതീവ നിഷ്‌ക്കളങ്കനും അമ്മയോട് അത്യന്തംഭക്തിയുള്ളയാളുമാണ്. ഞാന്‍ ഈ ഓര്‍മ്മകള്‍ പങ്കുവച്ചത് പകയോടെയോ, വിദ്വേഷത്തോടെയോ അല്ല – ഒരാളുടെ ദുഷ്ടവാക്കുകളാല്‍ സത്യത്തെ വളച്ചൊടിക്കുകയോ, മാറ്റിമറിക്കുയോ ചെയ്യാന്‍ പാടില്ല. ഗെയിൽ പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങളുടെ മുന്നില്‍ മൗനമായി വെറുതെ ഇരിക്കാന്‍ എനിക്കാവില്ല. വാസ്തവത്തില്‍അമ്മയ്ക്കും, സ്വാമിമാര്‍ക്കും എതിരെയുള്ള ഗേയ്‌ലിന്റെ ആരോപണങ്ങള്‍ ഭ്രാന്തന്‍ ജല്പനങ്ങളാണ്. ഗേയ്‌ലിന്റെ തരക്കാര്‍ക്കാണെങ്കിലും ഇത്രയും തരം താഴാന്‍ എങ്ങനെ സാധിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അമ്മ ഗേയ്‌ലിനെ സ്‌നേഹിച്ച് കൊണ്ടിരിക്കുന്നു എന്ന് എനിക്കറിയാം. ഗെയിൽ ഒരു ദിവസം ഇത് തിരിച്ചറിയാന്‍ ഇടവരട്ടെ.

മീര (Mira Parkfelt, South Africa
Source: Remembering Gail Tredwell: A Letter From Mira

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )