പരദൂഷണം ഇഷ്ടപ്പെടുന്നവരെ പുസ്തകം നിരാശപ്പെടുത്തില്ല

Posted: ഫെബ്രുവരി 22, 2014 in തരംതിരിക്കാത്ത

– ജേയ് കമ്മിംഗ്, സീനിയര്‍ അറ്റോര്‍ണി കാലിഫോര്‍ണിയ, സുപ്രീം കോടതി.

20 വര്‍ഷത്തോളം മാതാ അമൃതാനന്ദമയി (അമ്മ)യുടെ പരിചാരികയായിരുന്ന ഗെയില്‍ ട്രെഡ്‌വെലിന്റെ ആത്മകഥാപരമായ രചന, ”ഹോളി ഹെല്‍”, അമര്‍ഷം കൊണ്ടുനടക്കുന്ന ആദ്ധ്യാത്മികപാതയിലെ പിന്‍നിരക്കാര്‍ക്ക് ഉണര്‍വ്വേകിയിട്ടുണ്ട്. പക്ഷേ, വര്‍ത്തമാനകാലഘട്ടത്തിലെ മഹത്തായ ആ ആദ്ധ്യാത്മികജ്യോതിസ്സിന്റെ തിളക്കം കുറയ്ക്കാന്‍ ആ രചനയ്ക്ക് ഒട്ടുമേ സാധിച്ചിട്ടില്ല.  സ്വയം പ്രസാധനം ചെയ്തിരിക്കുന്ന ആ ഓര്‍മക്കുറിപ്പ് ഒരുവിധം നന്നായി എഴുതപ്പെട്ടിരിക്കുന്നു. ചില വ്യാകരണപ്പിശകുകളും വൈകല്യങ്ങളും ഉണ്ടെങ്കിലും, ആ കുറവുകള്‍ കല്ലുകടി പോലെയല്ല അനുഭവപ്പെടുന്നത്, രസകരമായിട്ടാണ് അനുഭവപ്പെടുന്നത്.  അവ, പുസ്തകത്തിന്റെ വര്‍ണ്ണനശൈലിക്ക് തിളക്കം കൂട്ടുന്നു. ശൈലി, ഒരു സാധാരണ സ്ര്തീ സ്വന്തം കഥ പറയുന്നത് പോലെയാണ്. പുസ്തകം സുഘടിതമാണ്; കഥാഗതികളിലൂടെ വായനക്കാരനെ മുന്നോട്ട് നയിക്കാന്‍ പോന്ന ഒന്നാണ്. പുസ്തകം കാഴ്ച വെയ്ക്കുന്ന ശബ്ദചിത്രങ്ങളും അലങ്കാരങ്ങളും പലപ്പോഴും ഹൃദയസ്പര്‍ശിയുമാണ്. ശൈലി അനൗപചാരികസംഭാഷണത്തിന്റേതാണ്. പരദൂഷണം ഇഷ്ടപ്പെടുന്നവരെ പുസ്തകം നിരാശപ്പെടുത്തില്ല. ഭാരതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക്, ഭാരതത്തിന്റെ സൗന്ദര്യവും വൈവിധ്യവും കാഴ്ചവെയ്ക്കുന്ന ചില വിഭവങ്ങളും അതില്‍ കിട്ടും.

ഗെയില്‍ ട്രെഡ്‌വെല്‍ (ഗായത്രി) ഭാരതത്തിലെ തന്റെ 20 വര്‍ഷത്തെ ജീവിതം അതില്‍ വര്‍ണ്ണിക്കുന്നു. ഭാരതത്തിന്റെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കേരളത്തില്‍ ഒരിടത്തെ ലാളിത്യം നിറഞ്ഞ, മിക്കവാറും അനഭ്യസ്തരായ ശ്രാമീണരുമൊത്തുള്ള തന്റെ ജീവിതമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ഈ സംസ്ഥാനത്തിന്റെ സംസ്‌കൃതിയും ഭാഷയും പഠിച്ചതും, ആ മത്സ്യബന്ധന ഗ്രാമത്തിലെ സുധാമണി എന്ന് പേരുള്ള മഹാത്മാവിന്റെ പരിചാരികയായിത്തീര്‍ന്നതും, സുധാമണി രാഷ്ട്രനേതാക്കള്‍ക്കും, കലാകാരന്മാര്‍ക്കും, ന്യായാധിപന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ആരാധ്യയായി, വിശ്വവിഖ്യാതയായ ആദ്ധ്യാത്മിക നേതാവായി വളര്‍ന്നതിനും സാക്ഷ്യം വഹിച്ചതുമൊക്കെ ഈ പുസ്തകത്തില്‍ വര്‍ണ്ണിക്കുന്നു. പുസ്തകത്തിലെ ചില അദ്ധ്യായങ്ങള്‍ തികച്ചും മനോഹരങ്ങളാണ്. ഉദാഹരണത്തിന്, നവയുവതിയായ ഗായത്രിയുടെ ഭാരതത്തിലെ ആദ്യവര്‍ഷങ്ങള്‍ വര്‍ണ്ണിക്കുന്ന അദ്ധ്യായം. മറ്റൊരു ഉദാഹരണം, ഗായത്രിയുടെ ഗര്‍ഭാശയമുഴ ശസ്ര്തക്രിയ ചെയ്ത് മാറ്റിയ, ആദുനിക ചികിത്സാസമ്പ്രദായങ്ങളൊന്നുമില്ലാത്ത, ചെറിയ ഒരു ആസ്പത്രിയുടെ വര്‍ണ്ണനയുള്ള അദ്ധ്യായം. അതേപോലെ, അമ്മയുടെ ആരാധകര്‍ക്കെല്ലാം പ്രിയങ്കരമാകുന്ന ഒരു സുന്ദര അദ്ധ്യായമുണ്ട്.  അമ്മയും ഗായത്രിയും മറ്റ് രണ്ട്‌പേരും തിരക്കേറിയ ആശ്രമത്തില്‍ നിന്നും ഒരു രാത്രി ഒളിച്ചോടിപ്പോയി ഒരു സ്വകാര്യ ഉദ്യാനത്തില്‍ നീന്തിത്തുടിച്ചും ധ്യാനിച്ചും ഒരു ദിവസം ചിലവഴിച്ചതു വര്‍ണ്ണിക്കുന്ന അദ്ധ്യായം. ഈ അദ്ധ്യായങ്ങള്‍ വായിക്കുന്നത് രസകരമാണ്. ഇവ വരാന്‍ പോകുന്ന അദ്ധ്യായങ്ങള്‍ക്ക് അരങ്ങൊരുക്കുന്നു  അമ്മയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചുമുള്ള തന്റെ ധാരണകള്‍ മാറുന്നതും അവസാനം രാത്രിയുടെ മറവില്‍ ഒളിച്ചു രക്ഷപെടാന്‍ നിശ്ചയിക്കുന്നതുമൊക്കെ വര്‍ണ്ണിക്കുന്ന അധ്യായങ്ങള്‍ക്ക്.

ഗായത്രിയുടെ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ പ്രഭാവശാലിയായിട്ടുണ്ട്. മറ്റുഭാഗങ്ങളില്‍ അശേഷം പ്രഭാവമില്ലാത്തതുമാണ്. വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത വിഷയങ്ങള്‍ മാത്രമാണ് വര്‍ണ്ണിച്ചിരിക്കുന്നത്. സ്വന്തം പക്ഷം സ്ഥാപിക്കുന്ന ഒരു പുസ്തകമാണത്. ഇക്കാര്യം പുസ്തകത്തില്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. തന്റെ സൗഖ്യപ്രാപ്തിക്കുള്ള മുഖ്യമായ ഒരു ഉപായമായിട്ടാണ് താന്‍ ഈ പുസ്തകമെഴുതുന്നതെന്ന് ഗായത്രി പ്രസ്താവിക്കുന്നു. അവര്‍ സ്വന്തം കഥയെ ‘ഇപ്പോള്‍’ എങ്ങനെ വീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവോ, അതിനനുസരിച്ചാണ് പുസ്തകത്തില്‍ അവര്‍ സ്വന്തം കഥ വര്‍ണ്ണിച്ചിരിക്കുന്നത്. അവര്‍ അവനവനെത്തന്നെ പുതുതായി കണ്ടെത്തുന്നു. ശക്തയും ബുദ്ധിമതിയുമായ ഗെയില്‍ എന്ന ഒരു പാശ്ചാത്യവനിതയുടെ കഥയാണത്. ശാലീനയും ആത്മസമര്‍പ്പണശീലയുമായ ഗായത്രിയെന്ന ഭക്തയുടെ കഥയല്ല.

പാശ്ചാത്യമൂല്യങ്ങളനുസരിച്ച് ഒരാള്‍ക്ക് നല്ല പുഷ്ടിയുള്ള അഹന്ത ആവശ്യമാണ്; ഊതിവീര്‍പ്പിച്ചതോ അധികം വഴങ്ങുന്നതോ അല്ലാത്ത അഹന്ത. ഗായത്രി (ഇപ്പോള്‍ ഗെയിൽ) 20 വര്‍ഷത്തെ ഭാരത പ്രവാസത്തിന് ശേഷം ഒട്ടും കോട്ടം തട്ടാത്ത അഹന്തയുമാണ് അവതരിക്കുന്നത്. അവരുടെ സ്വാശ്ലേഷിയായ പുസ്തകം വായനക്കാരന് തീരുമാനിക്കാനായി ഒരു കാര്യം വിട്ടുതരുന്നു – പാശ്ചാത്യമൂല്യങ്ങളെ അവര്‍ വീണ്ടും പുല്‍കിയത് മാനസിക ആദ്ധ്യാത്മിക സ്വാസ്ഥ്യത്തിന് വേണ്ടിയാണോ അതോ മറ്റ് വല്ലതിനും വേണ്ടിയാണോ എന്ന കാര്യം.

ഗായത്രിയുടെ ശക്തമായ വ്യക്തിത്വം എങ്ങനെ ഉള്ളതാണെന്ന് മനസ്സിലാക്കാന്‍ പുസ്തകം തന്നെ പര്യാപ്തമാണ്. അവര്‍ വളരെ സമര്‍ത്ഥയും, ആദര്‍ശവാദിയും അഭിമാനിയായ ധിക്കാരിയും, സ്വാവലംബിയും, സ്വതന്ത്രചിന്താഗതിക്കാരിയും, കഠിനാധ്വാനിയും, ഇച്ഛാശക്തിയുള്ളവരും, ധീരയുമായിട്ടാണ് കാണപ്പെടുന്നത്. പാശ്ചാത്യര്‍ക്ക് ഇവയെല്ലാം മൂല്യങ്ങളാണ്. പക്ഷേ, പരന്പരാഗത ഹൈന്ദവമൂല്യങ്ങള്‍ അനുസരിച്ച് ഈ മൂല്യങ്ങളില്‍ പലതും ആത്മജ്ഞാനം നേടുന്നതിന് തടസ്സമാണ് സൃഷ്ടിക്കുക. അവ വ്യക്തിയുടെ അഹന്തയുടെ ബാഹ്യപ്രകടനങ്ങളാണ്; പ്രത്യക്ഷത്തില്‍ ശാഠ്യമെന്നും കഠിനമെന്നും തോന്നിക്കാവുന്ന ഗുരുശാസനങ്ങള്‍ കൊണ്ടു കീഴക്കടപ്പെടേണ്ടവയാണ്.

അസൂയാലുവും, പ്രതികാരദാഹിയും, മര്‍ക്കടമുഷ്ടിക്കാരിയും, കണക്കുകൂട്ടി പ്രവര്‍ത്തിക്കുന്നവളും, അല്പത്തമുള്ളവളും, ദോഷദൃക്കുമായിട്ടും ഗായത്രി പ്രത്യക്ഷപ്പെടുന്നുണ്ട്, പുസ്തകത്തില്‍. അവര്‍ എപ്പോഴും തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു; ലോകം തന്നോട് നീതി പുലര്‍ത്തുന്നില്ല എന്ന് വേവലാതിപ്പെടുന്നു. ഇതിന് പല ഉദാഹരണങ്ങളുണ്ട്. ഒരെണ്ണം, ഗായത്രി സന്ന്യാസത്തിന്റെതായ കാവിവസ്ര്തം സ്വികരിക്കുന്പോലെത്തെയാണ് . ഈശ്വരനെ അന്വേഷിച്ചുകൊണ്ട് ഈശ്വരനെ മാത്രം അന്വേഷിച്ചുകൊണ്ട് എല്ലാ വ്യക്തിഗത അഭിലാഷങ്ങളും ത്യജിക്കുന്ന വേളയാണത്. മറ്റുള്ളവര്‍ക്ക് കിട്ടിയ അത്ര മികച്ച ഭിക്ഷയാണോ തനിക്കും കിട്ടുന്നത് എന്ന ബാലിശ ചിന്തയായിരുന്നു ആ ഭവ്യമുഹൂര്‍ത്തത്തിലും തന്റെ ഉള്ളില്‍ മുഴുവന്‍ എന്ന് അവര്‍ ഏറ്റ് പറയുന്നു. ഗായത്രി കാണുന്നത് മിക്കവാറും തന്റെ അസൂയയുടെയും അരക്ഷിതബോധത്തിന്റെയും കണ്ണടയിലൂടെയാണ്. പുസ്തകം വസ്തുനിഷ്ഠമായി വായിക്കുന്ന ഒരാള്‍ക്ക് ഈ നിര്‍ണ്ണയത്തിലെത്താതിരിക്കാന്‍ പറ്റില്ല തന്നെ.

താന്‍ സത്യത്തെ മിഥ്യയായി ആവിഷ്‌ക്കരിച്ചിട്ടുണ്ടാകാം എന്ന് ഗായത്രി തന്നെ പുസ്തകത്തില്‍ ഏറ്റു പറയുന്നുണ്ട്. ‘ആശ്രമം വിട്ട ശേഷം’ ‘വളരെ വേദനിച്ചാണ് താന്‍ സത്യത്തെയും മിഥ്യയെയും വേര്‍തിരിച്ച് നിര്‍ണ്ണയിച്ചത്’ എന്നാണ് അവര്‍ പറയുന്നത്. മറ്റൊരു സ്പഷ്ടമായ വെളിപ്പെടുത്തല്‍: ”ഈ അനുഭവങ്ങളുടെ ഓര്‍മ്മകളെ ഞാന്‍ എന്റെ ആത്മാവിന്റെ ഇരുണ്ടയിടങ്ങളില്‍ സ്വകാര്യപൂര്‍വ്വം മൂടിവെച്ചു. . . . . . ആശ്രമം വിട്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഉള്‍ പ്രേരണകളുണര്‍ത്തിക്കൊണ്ടുള്ള കൗണ്‍സിലിംഗിന്റെ  സഹായം തേടി. ഒരു ദിവസം കൗണ്‍സിലിംഗ് ചികിത്സയ്ക്കിടയില്‍ കൗണ്‍സിലര്‍ വനിത ഇങ്ങനെ അത്ഭുതംകൂറി: ഓ! നിങ്ങള്‍ ലൈംഗികമായി പീഡീപ്പിക്കപ്പെട്ടിരിക്കുന്നു! ആ ഓര്‍മ്മയുടെ ആഘാതത്തെ ഞാന്‍ പുറകോട്ടടിപ്പിച്ചു. അവ ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ടവയായിരുന്നല്ലോ, കണ്ടെടുക്കാനാവാത്തവയായിരുന്നല്ലോ”
അതായത്, തന്റെ കൗണ്‍സിലര്‍ തന്റെ കൗണ്‍സിലിങിന്റെ ഭാഗമായി സൂചനകള്‍ നല്‍കുന്നത് വരെ, അവര്‍ക്ക് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ഓര്‍മ്മയില്ലായിരുന്നു. പുസ്തകത്തിലെ ‘കടപ്പാടുകള്‍’ വ്യക്തമാക്കുന്ന ഭാഗത്ത് ഗായത്രി തനിക്ക് സ്വയം അഭിമുഖീകരിക്കാന്‍ പറ്റാത്ത ഇരുണ്ട മണ്ഡലങ്ങളിലേയ്ക്ക്, സ്ഥലങ്ങളിലേയ്ക്ക് തന്റെ കൈ പിടിച്ച് തന്നോടൊപ്പം സഞ്ചരിച്ച ഒരു വിശേഷസുഹൃത്തിന് നന്ദി പറയുന്നുണ്ട്.

തന്റെ കൗണ്‍സിലര്‍ തന്റെ കൗണ്‍സിലിങിന്റെ ഭാഗമായി സൂചനകള്‍ നല്‍കുന്നത് വരെ, അവര്‍ക്ക് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ഓര്‍മ്മയില്ലായിരുന്നു.

ഈ പ്രസ്താവനകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമല്ല. പക്ഷേ, ഗായത്രിയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും സ്മരണകള്‍, ഓര്‍മകള്‍ തിരിച്ചുപിടിച്ചുകൊണ്ടുള്ള ചികിത്സയുടെ ഉത്പന്നങ്ങളാണെങ്കില്‍, അവയുടെ സാധ്യത ന്യായമായും ചോദ്യം ചെയ്യപ്പെടും. (ഈ പുസ്തകത്തിന്റെ ഒടുവില്‍ കൊടുത്തിരിക്കുന്ന ***** നോക്കുക) ഗായത്രിയുടെ പുസ്തകത്തിന്റെ വലിയൊരു ഭാഗം വസ്തുനിഷ്ഠങ്ങളായ യാഥാര്‍ത്ഥ്യങ്ങളല്ല. പ്രത്യുത വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ വൂക്തിനിഷ്‌വും ഭാവനാസൃഷ്ഠവുമായ സിദ്ധാന്തങ്ങളാണ്  അമ്മയുടെ മുഖ്യ സന്ന്യാസിശിഷ്യന്‍ ( സ്വാമി അമൃതസ്വരൂപാനന്ദ) ചെയ്ത ബലാത്സംഗ പരനപരയെപ്പറ്റിയുള്ള  സിദ്ധാന്തങ്ങളും, സ്വാമിയും ഗായത്രിയും അമ്മയുമുള്‍ക്കൊള്ളുന്ന പ്രേമത്തിന്റെ ത്രികോണമത്സര സിദ്ധാന്തവും മറ്റും ഇവിടെ പുസ്തകം പ്രഭാവഹീനമായിത്തീരുന്നു. വസ്തുനിഷ്ഠമായി പിന്തുടരുന്ന ഒരു വായനക്കാരന് ഇത് വെറും വിടുവായത്തവും പകപോക്കലുമായേ അനുഭവപ്പെടൂ.

പ്രഭാവം ചെലുത്താന്‍ ഗായത്രിക്ക് കഴിയുന്നില്ലെന്നു മാത്രമല്ല, അവര്‍ തന്റെ സ്വന്തം കഥയില്‍ നിന്ന് ഒഴിവാക്കുന്ന ചില വസ്തുതകള്‍ അവരുടെ ഭാവനാസൃഷ്ടമായ സിദ്ധാന്തങ്ങള്‍ തെറ്റാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണം: 1999 നവംബറില്‍ ആശ്രമം വിട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് അവര്‍ ഒരു ഭക്തന്റെ സ്വകാര്യവസതിയില്‍ അമൃതസ്വരൂപാനന്ദസ്വാമിയടക്കം ആശ്രമത്തിലെ മുതിര്‍ന്ന പല പ്രവര്‍ത്തകരുമൊരുമിച്ച് ഒരാഴ്ച വസിച്ച കാര്യം. ഈ സമയത്ത് ആശ്രമത്തലേയ്ക്ക് തിരിച്ച് വരാന്‍ ആലോചിച്ചിരുന്നു. പക്ഷേ, പകരം ഹവായിലേയ്ക്ക് പോകാന്‍ അവര്‍ തീരുമാനിക്കുകയാണുണ്ടായത്. ഒരു വര്‍ഷം കഴിഞ്ഞ്, അവര്‍ സ്വാമിജിക്ക് വേണ്ടി പ്രത്യേകമായി ഒരു വലിയ ഭരണി നിറച്ച് നാരങ്ങ അച്ചാര്‍ ഉണ്ടാക്കി സ്വാമിജിക്ക് അയച്ച് കൊടുക്കുകയുമുണ്ടായി. അത് സ്വാമിജിയുടെ അടുത്തെത്തിച്ചെങ്കിലും സ്വാമിജി അത് നിരസിച്ചു. തനിക്ക് ഭീതിയും ഓടി രക്ഷപെടേണ്ട അവസ്ഥയുമുണ്ടാക്കുന്ന ഒരു തുടര്‍ബലാത്സംഗക്കാരനെന്നു സ്വാമിജിയെ ഗായത്രി വര്‍ണ്ണിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് ഇതെല്ലാം തെളിയിക്കുന്നു.

സ്വേച്ഛാധിപതിയായ ഒരു ഗുരുവിന്റെ കീഴില്‍ അടങ്ങിക്കഴിയേണ്ടി വരുന്ന ഒരു സംഘത്തില്‍ നിന്നുക്ലേശപൂര്‍ണ്ണമായ രക്ഷപ്പെടലിനെക്കുറിച്ചുള്ള ഗായത്രിയുടെ കഥയെയും ഇക്കാര്യങ്ങള്‍ അടിസ്ഥാനരഹിതമാക്കുന്നു. വാസ്തവത്തില്‍ ഗായത്രിയുടെ അതിനാടകീയമായ രക്ഷപ്പെടലിനു ഏതാനും ആഴ്ചകള്‍ക്കു ശേഷം അവര്‍ സ്വമേധയാ ഒരു സ്വകാര്യവസതിയില്‍ ആശ്രമത്തിലെ പല മുതിര്‍ന്ന ആള്‍ക്കാരോടുമൊപ്പം വസിക്കുകയുണ്ടായി. അവര്‍, ആശ്രമത്തിലേക്കു തിരിച്ചു വരുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ പിന്നീട്, അവര്‍ ആശ്രമം വിടാന്‍ തീരുമാനിച്ചു. ആശ്രമത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ അവരെ കാറില്‍ വിമാനത്താവളത്തിലേക്കു കൊണ്ടു പോയി യാത്രയാക്കി. ഗായത്രിയുടെ പുസ്തകത്തില്‍ വിട്ടുകളഞ്ഞ ഇക്കാര്യങ്ങള്‍ കൂടി മനസ്സിലാക്കി, പുസ്തകം വായിക്കുന്ന ഒരാള്‍ ഒരു നിര്‍ണ്ണയത്തിലെത്താന്‍ കഴിയാതെ കുഴങ്ങും. അവജ്ഞാപാത്രമായ സ്ത്രീയുടെ ഗണത്തില്‍ അവരെ ഉള്‍പ്പെടുത്തേണ്ടതില്ലെ എന്ന് ചിന്തിക്കാന്‍ ആരും നിര്‍ബന്ധിതരായിത്തീരും  സ്വാമിജിയെ ഗാഡമായി പ്രേമിക്കുകയും, അദ്ദേഹത്തിന് അമ്മയോടുള്ള ഭക്തിയില്‍ തീവ്ര അസൂയവെച്ചു പുലര്‍ത്തുകയും അതുകൊണ്ടുതന്നെ രണ്ടാമതു പറഞ്ഞ രണ്ടുപേരും തമ്മില്‍ പ്രണയബന്ധം മിഥ്യയായി ഭാവന ചെയ്യുകയും ചെയ്യുന്ന ഒരു സ്ത്രീ.

ദീക്ഷിതരായാല്‍ മാത്രം വെളിപ്പെടുത്തുന്ന രഹസ്യമൂലകമായ ധാരാളം തലങ്ങള്‍ ഹിന്ദുധര്‍മ്മത്തിലുണ്ട്. അമ്മയുടെ ജീവിതചരിത്രങ്ങള്‍ വെളിപ്പെടുത്തുന്നതിലുമൊക്കെ ആഴത്തിലുള്ള തലങ്ങള്‍ അമ്മയ്ക്കുണ്ട്. ഇതിനര്‍ത്ഥം അപവാദങ്ങള്‍ ആരോപിക്കാനുള്ള അവസരങ്ങളുണ്ടെന്നല്ല. അമ്മ കഠിനാദ്വാനത്തിലൂടെയും കാരുണ്യത്തിലൂടെയും സാധ്യമാക്കിയ നന്മകളെ, ഈ ആദ്ധ്യാത്മിക രഹസ്യതലങ്ങള്‍ നിഷ്പ്രഭമാക്കുന്നുമില്ല. കോടിക്കണക്കിനാളുകളെ ആശ്ലേഷിച്ചതിന്റെ മായാത്ത കല അമ്മയുടെ കവിളില്‍ കാണാം. പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ ഒറ്റയിരുപ്പിരുന്ന് ആരാധകരെ ഇടതടവില്ലാതെ, ആരെയും തിരിച്ചയയ്ക്കാതെ, ഓരോരുത്തര്‍ക്കായി ദര്‍ശനം നല്‍കിയതിന്റെ അടയാളമാണത്. അവിശ്രാന്തമായ യാത്രാപരിപാടികളാണ് അമ്മ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ സായാഹ്‌നങ്ങളിലും വന്‍ജനസമൂഹങ്ങള്‍ക്കു മുന്പില്‍  അമ്മ ഭജന പാടുന്നു. ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രസംഗങ്ങളും നടത്തുന്നു. ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. ഒരു വലിയ സാമൂഹ്യസേവാപ്രസ്ഥാനത്തിന്റെ ഭരണം നിര്‍വ്വഹിക്കുന്നു. ഇതെല്ലാം തികഞ്ഞ ശ്രദ്ധയോടെ നിര്‍വ്വഹിക്കുന്നു. അമ്മയുടെ കഠിന പരിശ്രമം വിശ്വവ്യാപിയായ ഒരു ജീകാരുണ്യപ്രസ്ഥാനത്തിന് രൂപം കൊടുത്തിട്ടുണ്ട്. മറ്റ് ആദ്ധ്യാത്മിക സംഘങ്ങളിലേക്കും പടരുന്ന ഒരു കാരുണ്യ ധര്‍മ്മമാര്‍ഗ്ഗം വെട്ടിത്തുറന്നിട്ടുണ്ട്.

അമ്മയെ ഒരു മാതൃകാദര്‍ശനമായിക്കണ്ട് സ്വീകരിക്കണമോ അഥവാ കപടയായിക്കണ്ട് തിരസ്‌ക്കരിക്കണമോ എന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. പക്ഷെ സത്യസന്ധമായും ന്യായാന്യായങ്ങള്‍ കണക്കിലെടുത്തും വേണം ആ തീരുമാനം എടുക്കാന്‍. ഗായത്രിയുടെ പല സമര്‍ഥകരും അമ്മയെപ്പറ്റിയും ആശ്രമത്തെപ്പറ്റിയും അടിസ്ഥാനരഹിതമായ അപവാദങ്ങള്‍ പരത്തുന്നതില്‍ എടുത്തചാട്ടം കാണിച്ചിരിക്കുകയാണ്. അമ്മ ചെയ്തതും, അന്യരെ കൊണ്ടു ചെയ്യിക്കുന്നതുമായ വളരെ വ്യക്തമായി കാണാന്‍ കഴിയുന്ന നന്മകളെയൊക്കെ അവര്‍ കണ്ടില്ലെന്നു നടക്കുകയാണ്. അമ്മയെ വിമര്‍ശിക്കുന്നതില്‍  അവര്‍ക്ക് എന്തൊരാനന്ദമാണ്! അമ്മയുടെ കളങ്കരഹിതമായ കീര്‍ത്തി തങ്ങളുടെതന്നെ പോരായ്മകള്‍ തങ്ങളെത്തന്നെ കുത്തിനോവിക്കുന്നതിന്റെ അനുഭവം അവര്‍ക്കു കൂടുതല്‍ തീവ്രമായി പകര്‍ന്നു നല്‍കുന്നുണ്ടെന്നു തോന്നുന്നു. അതിനാല്‍ അമ്മയുടെ പതന സാധ്യതയെ  ചിന്തിച്ച് അവര്‍ അല്പം ആശ്വാസമനുഭവിക്കുന്നു എന്നു തോന്നുന്നു. പക്ഷെ ഗായത്രിയുടെ സ്മരണകള്‍ അമ്മയുടെ വീഴ്ചയ്ക്കു വഴിയൊരുക്കില്ല. മറിച്ച്, അമ്മ തന്റെ കര്‍മ്മം തുടരും. ഗായത്രി അമ്മയുടെ ആഗോളപ്രസ്ഥാനത്തില്‍ വീണ്ടും ചേരുന്ന ഒരു ദിനവും വന്നേക്കാം. അന്ന് അമ്മ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കും – നിറഞ്ഞ മനസ്സോടെ, തികഞ്ഞ സഹാനുഭൂതിയോടെ.

SOURCE: An Attorney’s Review of “Holy Hell”

ഒരു അഭിപ്രായം ഇടൂ