ഗെയ്‌ല്‌ ട്രെഡ്‌വെല്ലിന്റെ ദുഷ്ടലാക്ക്‌

Posted: ഫെബ്രുവരി 27, 2014 in malayalam

ഞാനെന്റെ പൂമുഖത്തൂണില്‍ ചാരിയിരുന്ന്‌ നിറയെ മാങ്ങകള്‍ കുലകുലയായി തൂക്കിയിട്ട്‌ മനുഷ്യരേയും പക്ഷികളേയും അണ്ണാനേയും മാടിവിളിച്ച്‌, ആത്മാഭിമാനത്തോടെ, സംതൃപ്തിയോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ മുറ്റത്ത്‌ പന്തലിച്ചു നില്‍ക്കുന്ന മാവിനെ ഇമപൂട്ടാതെ നോക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത്‌ അമ്മയാണ്‌. ഈ മാമ്പഴക്കാലത്തും സ്നേഹക്കനി രുചിക്കാന്‍ നല്‍കുന്നു അമ്മ. സര്‍വചരാചരങ്ങളേയും സ്നേഹിക്കുന്ന, ജാതിമത ഭേദമന്യേ തന്റെ സ്വതസ്സിദ്ധമായ പുഞ്ചിരിയില്‍ സ്വാഗതം ചെയ്യുന്ന, “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന്‌ ആഗ്രഹിക്കുകയും ആഗ്രഹിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും പ്രാര്‍ത്ഥിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അമൃതാനന്ദമയി എന്ന ലോകമാതാവിന്‌ അനേക കോടി അനുയായികളായ ഭക്തര്‍ ലോകമാകെ വ്യാപിച്ചുകിടക്കുന്നു. മനസ്സിന്റെ ഭാരമെല്ലാമിറക്കിവെക്കാനൊരത്താണി. ഓരോ ഭക്തനേയും ഭക്തയേയും കെട്ടിപ്പിടിച്ച്‌ ഉമ്മവച്ച്‌, ചെവിയില്‍ മോളൂട്ടീ, മോനൂട്ടീ എന്ന്‌ മന്ത്രിക്കുമ്പോള്‍ നിറയുന്നത്‌ മനസ്സില്‍ സ്നേഹം മാത്രം. അങ്ങനെയൊരമ്മയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച്‌, അത്‌ ധനസമ്പാദന മാര്‍ഗമായി മാറ്റുമ്പോള്‍ ഭക്തരുടെ മനസ്സില്‍ നിറഞ്ഞുതൂവുന്നത്‌ വേദനയോടൊപ്പം ദേഷ്യവും. ഭരണഘടനാ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ്‌ സത്യാന്വേഷണമില്ലാതെ, അനേകകോടി ഭക്തരെ മുറിവേല്‍പ്പിക്കുന്നത്‌ തികച്ചും ദുഃഖകരം തന്നെ.

 

2006 ലാണ്‌ ഞാന്‍ അമേരിക്കയിലെ കാലിഫോര്‍ണിയ മുതല്‍ വാഷിംഗ്ടണ്‍ വരെയുള്ള വിവിധ സ്റ്റേറ്റുകളിലെ അനവധി സര്‍വകലാശാലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും പ്രഭാഷണങ്ങള്‍ നടത്താനും പോയത്‌. 2004 ഡിസംബര്‍ 26 ന്‌ കേരള തീരത്തും മറ്റനവധി പ്രദേശങ്ങളിലുമാഞ്ഞടിച്ച സുനാമി ദുരന്തത്തില്‍ അമ്മയുടെ നേതൃത്വത്തില്‍ പലവിധ സഹായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. ഭക്തരുള്‍പ്പെട്ട അനേകായിരങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി, യുദ്ധകാലാടിസ്ഥാനത്തില്‍ സാമൂഹ്യസേവ ചെയ്ത മറ്റൊരു ആത്മീയാചാര്യയേയും ലോകം കണ്ടില്ല. അമ്മയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌, സുനാമി ദുരന്ത സമയത്ത്‌ മരണപ്പെട്ടവരുടെ ബന്ധുക്കളെ താമസിപ്പിച്ചിരുന്ന വലിയകുളങ്ങര, മേമന ക്യാമ്പുകളില്‍ മാസങ്ങളോളം സേവ ചെയ്യുവാനെനിക്കും ഭാഗ്യം ലഭിച്ചിരുന്നു. സുനാമിയുമായി ബന്ധപ്പെട്ട അമ്മയുടെ വിവിധ സേവനങ്ങളെക്കുറിച്ച്‌ ഞാന്‍ പല സര്‍വകലാശാലകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

 

അങ്ങനെ അമേരിക്കയില്‍ 2005 ല്‍ പോകുന്ന വേളയിലെനിക്കൊരാഗ്രഹം ജനിച്ചു. വിമര്‍ശന കൂമ്പാരത്തിലുച്ചസ്ഥ പദവിയിലിരുന്ന, ഡോണ്‍ ബ്രൗണിന്റെ ബുക്കിനെ ആസ്പദമാക്കി ജോണ്‍ കാലിയും ബ്രയാന്‍ ഗ്രേസറും കൂടി നിര്‍മിച്ച റോണ്‍ ഗോവാര്‍ഡ്‌ സംവിധാനം ചെയ്ത “ഡാവിന്‍സി കോഡ്‌” എന്ന സിനിമയില്‍ പ്രതിപാദിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. സിനിമയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്ന സമയം. ആരാധ്യനായ യേശുക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നെന്നും അവര്‍ക്ക്‌ ഒരു പുത്രിയുണ്ടായിരുന്നുവെന്നുമൊക്കെ സങ്കല്‍പ്പിച്ച്‌ ആ ആശയം സമ്പുഷ്ടമാക്കി പ്രചരിപ്പിക്കുവാന്‍ അവതരിപ്പിച്ച ‘ഡാവിന്‍സി കോഡ്‌’ എന്ന സിനിമ ക്രിസ്തുമത വിശ്വാസികളെ ദുഃഖത്തിലാഴ്ത്തുകയും വിദ്വേഷം ജനിപ്പിക്കുകയും ചെയ്തു. ഡാവിന്‍സികോഡില്‍ പ്രതിപാദിച്ച സ്ഥലങ്ങളും പള്ളികളുമൊക്കെ അന്നു ഞാന്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും പോയി കാണുകയും ചെയ്തു. അതിനുശേഷമാണ്‌ സിനിമ അമേരിക്കയിലെ മിനിയാ പോളിസിയില്‍ വച്ചു ഞാന്‍ കണ്ടത്‌. നൂറ്റിപതിനൊന്ന്‌ മില്യണ്‍ ഡോളറാണ്‌ ആദ്യത്തെ ആഴ്ചയില്‍ തന്നെ അമേരിക്കന്‍ സിനിമാശാലകളിലൂടെ ഈ സിനിമ വാരിയത്‌. പല സ്ഥലങ്ങളിലും ഞാന്‍ ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ആശയപരമായി എനിക്ക്‌ ഡാന്‍ബ്രൗണിനോട്‌ യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോടാനുകോടി ക്രിസ്തുമത വിശ്വാസികള്‍ ആരാധിക്കുന്ന യേശുവിനെ രഹസ്യ ഭര്‍ത്താവായും ഒരു മകളുടെ പിതാവായുമൊക്കെ മതിയായ തെളിവുകളൊന്നുമില്ലാതെ ചിത്രീകരിച്ച്‌, വിശ്വാസികളുടെ മനസ്സ്‌ കീറിമുറിച്ച്‌, എളുപ്പവഴിക്ക്‌ കാശുണ്ടാക്കുന്നതിനോട്‌ എനിക്ക്‌ തെല്ലും യോജിപ്പില്ലായിരുന്നു. ക്രിസ്തുമത വിശ്വാസികളുടെ മൂര്‍ച്ചയുള്ള എതിര്‍പ്പുകാരണം പല രാജ്യങ്ങളും സിനിമ നിരോധിക്കുകയും ചെയ്തു. കൊല്‍ക്കത്തയിലാണ്‌ ഏറ്റവും എതിര്‍പ്പ്‌ വന്നത്‌.

 

ഇതോര്‍ക്കാന്‍ കാരണമുണ്ട്‌. 1981 ല്‍ വള്ളിക്കാവിലെ മാതാ അമൃതാന്ദമയീ മഠത്തില്‍ ചേക്കേറിയ കുറച്ചുനാള്‍ അമ്മയുടെ ശിഷ്യഗണത്തിലുണ്ടായിരുന്ന കാലിഫോര്‍ണിയക്കാരി ഗെയ്‌ല്‌ ട്രെഡ്‌വെല്‍ എഴുതിയ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന അമ്മയെക്കുറിച്ചുള്ള കാര്യങ്ങള്‍, മഠത്തിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഭക്തരില്‍ വേദന ഘനീഭവിപ്പിക്കുന്നു. സത്യം എത്രയോ കാതമകലെ! ആത്മീയതയുടെ മനസ്സ്‌ ഗെയ്‌ലിന്‌ ലേശവുമില്ലായിരുന്നു. അന്തേവാസികള്‍ക്ക്‌ ഗെയ്‌ലിനെ ഭയമായിരുന്നു. പ്രവൃത്തിയും വാക്കുകളും ചേര്‍ന്നിരുന്നില്ല. ഡാന്‍ബ്രൗണിന്റെ ഡുവിന്‍സി കോഡുപോലെ കോടികള്‍ കൊയ്യുവാന്‍ പറ്റിയ മറ്റൊരു സിനിമയുടെ തിരക്കഥ ഈ ബുക്കിലൂടെ ഉദിച്ചാലും എനിക്കത്ഭുതമില്ല. ഈ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണമെന്നാണ്‌ എന്റെ അഭിപ്രായം.

 

എന്തായാലും ഒന്നു സത്യം. ഗൂഢാലോചനകള്‍ക്കും ഗൂഢതന്ത്രങ്ങള്‍ക്കുമൊന്നും ഐക്യരാഷ്ട്രസഭ പോലും ആദരിച്ച, ലോകസമൂഹത്തിന്റെ നന്മയ്ക്കായി ജീവിതമുഴിഞ്ഞുവച്ച അമ്മയേയോ അമ്മയുടെ ഭക്തരേയോ ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിയില്ല. താല്‍ക്കാലികമായി കുറച്ചുപേരെ ദുഃഖിപ്പിക്കാനാകും. പക്ഷേ അതും ക്ഷണികം മാത്രം. സര്‍വമത സ്നേഹിയായ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ സ്ത്രീനേതൃത്വമായ അമ്മയ്ക്ക്‌ ഭക്തരുടെ പ്രണാമങ്ങള്‍.

ഡോ.ശാരദ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)
source: http://www.janmabhumidaily.com/jnb/News/179209

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )