പാഴ്ജല്‍പനങ്ങള്‍ ഒന്നും ഞങ്ങളുടെ അമ്മയിലുള്ള വിശ്വാസത്തെ ചലിപ്പിക്കില്ല

Posted: ഫെബ്രുവരി 28, 2014 in malayalam

എന്റെ പേര് ദിവ്യ. ഈയിടെ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങളോടു പങ്കുവെയ്ക്കാന്‍ ഞാനാഗ്രഹിക്കുന്നു. അമ്മയുമായി ബന്ധപ്പെട്ട എന്റെ ജീവിതകഥ വിവരിക്കുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും ഏറ്റവും പ്രിയപ്പെട്ട നമ്മുടെ അമ്മയുടെ മഹത്വം.

കേരളത്തിലെ പാലക്കാടുജില്ലയിലാണ് ഞാന്‍ ജനിച്ചത്. ആറു വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി അമ്മയെ കാണുന്നത്. അന്നുമുതല്‍ അമ്മയും ആശ്രമവുമായി വളരെ അടുത്ത് ഇടപഴകിയായിരുന്നു എന്റെ ജീവിതം. ആശ്രമത്തിന്റെ ആദ്യ കാലങ്ങളില്‍, കേവലം കുടിലുകള്‍ മാത്രമുണ്ടായിരുന്ന കാലം മുതല്‍ ഞാന്‍ ആശ്രമം കണ്ടിട്ടുണ്ട്. അമ്മയുടെ നിസ്സീമമായ സ്‌നേഹവും കഠിന പ്രയത്‌നവും ക്ഷമയും ഒപ്പം അന്തേവാസികളുടേയും കുറച്ച് ഭക്തരുടേയം പരിശ്രമവുമാണ് ആശ്രമം ഇന്നു കാണുന്നരീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

ആശ്രമാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന എന്റെ ഓരോ ദിവസവും ഞാനോര്‍ക്കുന്നു. ഗെയില്‍ പറയുന്നതുപോലെ മറ്റുള്ളവരോട് ജോലിചെയ്യാന്‍ ആജ്ഞാപിക്കുന്ന ഒരു സ്വേച്ഛാധിപതിയല്ല അമ്മ. മറിച്ച് നേരായ മാര്‍ഗ്ഗം സ്വയം ജീവിച്ച് നമുക്ക് മാതൃക കാട്ടിത്തരുകയാണ് അമ്മ ചെയ്യുന്നത്. ആശ്രമത്തിലെ എല്ലാ സേവാപ്രവര്‍ത്തനങ്ങള്‍ക്കും അമ്മയായിരിക്കും തുടക്കമിടുന്നത്. മണ്ണുചുമ്മുന്നതായാലും കക്കൂസ് വൃത്തിയാക്കുന്നതായാലും അവിടെയെല്ലാം അമ്മയുണ്ടാവും മുന്നില്‍. ഇവിടെ, കര്‍മ്മങ്ങളെ ‘സേവ’ എന്നാണ് ഞാന്‍ രേഖപ്പെടുത്തിയത് കാരണം ആശ്രമത്തിലെ ദൈനംദിനപ്രവൃത്തികളെ ക്കുറിച്ച് അമ്മയുടെ കാഴ്ച്ചപ്പാട് അതാണ്; അല്ലങ്കില്‍ ഒരുപക്ഷെ കര്‍മ്മങ്ങള്‍ കഠിനമായി നമുക്ക് തോന്നിയേക്കാം. അമ്മയോടൊപ്പം ഭജന പാടി ഉത്സാഹത്തോടെയും ആനന്ദത്തോടെയുമാണ് ഞങ്ങള്‍ സേവാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അത് കഠിനമായി ഒരിക്കലും തോന്നിയിട്ടില്ല. സാധാരണക്കാരായ ഞങ്ങള്‍ക്ക് ഇത്ര സ്‌നേഹത്തോടും സന്തോഷത്തോടും സേവ ചെയ്യാന്‍ സ്വപ്നം കാണാന്‍ കൂടി കഴിയുമായിരുന്നില്ല.

ഒരുകാലത്ത് ഞങ്ങള്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന, സ്‌നേഹത്തോടെ ഇടപെട്ടിരുന്ന ഗെയിലിന് ഇത്തരത്തിലൊരു പതനം സംഭവിച്ചത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആശ്രമത്തിലെ എന്റെ ആദ്യകാലത്തെ ഓര്‍മ്മകളും ഗെയിലിന്റെ പുസ്തകത്തിലെ വിവരണവും താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കോര്‍മ്മവരുന്നത് അമ്മയുടെ ഈ പ്രസിദ്ധമായ വാക്കുകളാണ് ”കരണ്ടി, എത്ര സമയം പായസത്തില്‍ കിടന്നാലും അതിന് പായസത്തിന്റെ മധുരം അറിയാന്‍ കഴിയില്ല. മക്കളെ നിങ്ങള്‍ പായസത്തിലെ കരണ്ടി പോലെ ആകരുതേ.” ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മഹാഗുരുവിനോടൊപ്പമാണ് ഗെയില്‍ ഇരുപതു വര്‍ഷം ചിലവിട്ടത്. എന്നിട്ടും, കള്ളം പറയാതിരിക്കുക, മറ്റുള്ളവരെ വ്രണപ്പെടുത്താതിരിക്കുക തുടങ്ങിയ സാധാരണ മനുഷ്യന്റെ ഗുണങ്ങള്‍ പോലും ആര്‍ജ്ജിക്കാന്‍ കഴിയാതിരുന്നത് തികച്ചും ഖേദകരം തന്നെ.

1993 മുതല്‍ 1997വരെ ഞാന്‍ ആശ്രമത്തില്‍ കഴിഞ്ഞിട്ടുണ്ട്. നാലു വര്‍ഷം സ്‌ക്കൂളിലും കോളജിലും വിട്ട് അമ്മ എന്നെ പഠിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ആതുര സേവന രംഗത്ത് ഉപരിപഠനത്തിനായി അമ്മ പ്രോത്സാഹിപ്പിച്ചു. പഠനം തുടരാനായി ആശ്രമം വിട്ട് ബാംഗ്ലൂരില്‍ പോയി താമസിക്കാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ എനിക്കതാണ് നല്ലതെന്ന് അമ്മ സ്‌നേഹപൂര്‍വ്വം മനസിലാക്കി തന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്; ആശ്രമത്തിലെ ജീവിതം നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നും ആര്‍ക്കും ക്രിയാത്മകമായി ചിന്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും ഒരിക്കല്‍ ആശ്രമത്തില്‍ വന്നാല്‍ പുറത്തു പോകാന്‍ അനുവദിക്കില്ലെന്നും മറ്റുമുള്ള ഗെയിലിന്റെ ആരേപണങ്ങള്‍ക്ക് വിരുദ്ധമാണ് എന്റെ അനുഭവം. ഉപരിപഠനത്തിന്റെ പ്രാധാന്യം എനിക്കു പഞ്ഞു മനസിലാക്കിത്തന്ന് ഫാര്‍മസിക്കു പഠിക്കാനായി ബാംഗ്ലൂരില്‍ അയച്ചത് അമ്മയാണ്. ഞാന്‍ ബാംഗ്ലൂരേയ്ക്ക് പുറപ്പെടുമ്പോള്‍ സ്‌നേഹപൂര്‍വ്വം അമ്മ പറഞ്ഞു ”വിഷമിക്കല്ലേ മുത്തേ. എല്ലാവരിലും ഈശ്വരനെ കാണാന്‍ ശ്രമിക്കണം. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കണം.”

ഞാന്‍ അമ്മയെ സ്‌നേഹിക്കുന്നത് എന്തുകൊണ്ടെന്നാല്‍ അമ്മ ഒരിക്കലും പറയാറില്ല, ‘അത് ചെയ്യൂ! ഇതു ചെയ്യൂ!’ എന്ന്. എന്താണോ ചെയ്യേണ്ടതെന്ന് അമ്മ വിശ്വസിക്കുന്നത് അത് സ്വയം ആചരിച്ചു കാണിച്ചുതരും. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഓടിപ്പോകാതിരിക്കാനുള്ള ആത്മധൈര്യം അമ്മ പകര്‍ന്നു തരും. സാഹചര്യത്തെ തിരിച്ചറിഞ്ഞ് അദ്ധ്യാത്മിക അറിവിന്റെ വെളിച്ചതില്‍ അതിനെ അഭിമുഖീകരിക്കാന്‍ അമ്മ നമ്മളെ സഹായിക്കും. ഓരോ വ്യക്തിയുടേയും പ്രശ്‌നങ്ങളെ പ്രത്യേകം തിരിച്ചറിഞ്ഞ് അവര്‍ക്ക് ഏതാണോ നന്മചെയ്യുന്നത് അത് ക്ഷമയോടെ നമ്മളെ മനസിലാക്കിത്തരും.

ആശ്രമത്തില്‍ താമസിച്ച സമയത്ത് ഗെയിലിനെ വളരെ അടുത്ത് പരിചയപ്പെട്ടിട്ടുണ്ട്. കാരണം അന്ന് ആശ്രമത്തില്‍ അധികം ബ്രഹ്മചാരിണികള്‍ ഉണ്ടായിരുന്നില്ല. ഒരു മൂത്ത സഹോദരിയെപ്പോലെ അവരെ ഞങ്ങള്‍ ‘ഗായത്രി അക്ക’ എന്നാണ് വിളിച്ചിരുന്നത്. അവരുടെ ഇച്ഛയ്ക്ക് എതിരായി നില്‍ക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല കാരണം ഞങ്ങള്‍ എല്ലാവരും അവര്‍ക്ക് അത്രമാത്രം സ്‌നേഹവും ബഹുമാനവും കൊടുത്തിരുന്നു. പക്ഷെ അവര്‍ ഒരു സ്വേച്ഛാധിപതിയെപോലെയായിരുന്നു ഞങ്ങളോട് പെരുമാറിയിരുന്നത്. അവരുടെ ഇച്ഛയനുസരിച്ച് ഓരോരുത്തരും ഓരോ ജോലികള്‍ ചെയ്യാന്‍ അവര്‍ ആജ്ഞാപിക്കും. വളരെ ആദരവോടെ അവരുടെ ആജ്ഞയനുസരിച്ച് എല്ലാ സേവയം ഞങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ അവരെക്കൊണ്ട് കുറെ പണിചെയ്യിച്ച് പീഠിപ്പിച്ചെന്നു പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് വളരെ ആശ്ചര്യജനകമാണ്. ഇത് ശരിയല്ലന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അവരെക്കൊണ്ട് ജോലിചെയ്യിക്കുന്നത് തീര്‍ത്തും അസംഭവ്യമായിരുന്നു. സത്യത്തില്‍ അവരാണ്, ശകാരിച്ചും മറ്റുള്ളവരുടെ മുന്നില്‍ കളിയാക്കിയും അവര്‍ക്കിഷ്ടമില്ലാത്ത ബ്രഹ്മചാരിണികളെക്കൊണ്ട് പണിയെടുപ്പിച്ച് പീഠിപ്പിച്ചിരുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ ദയയില്ലാതെ പറയും. ‘ഇവിടെ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ഇതെല്ലാം അനുഭവിക്കണം.’ അമ്മയാണ് പലപ്പോഴും ഞങ്ങളുടെ രക്ഷയ്ക്ക് എത്തുന്നത്. ‘ഗായത്രീ നീ ഇങ്ങനെ ചെയ്യല്ലേ. ഇതാണോ ഞാന്‍ നിങ്ങളെ പഠിപ്പിച്ചത്? അവര്‍ കുട്ടികളാണ്. അവരോട് ഇങ്ങനെയല്ല പെരുമാറേണ്ടത്.അവരെ സ്‌നേഹത്തോടെ പറഞ്ഞുമനസിലാക്കണം.’ പക്ഷെ ആശ്ചര്യമെന്നുപറയട്ടെ അവര്‍ ഞങ്ങളുടെ മുന്നില്‍വെച്ച് അമ്മയെ കളിയാക്കുന്നതരത്തില്‍ അമ്മ പറഞ്ഞതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നാല്‍ നമുക്കറിയാം അമ്മ ക്ഷമയുടെ മൂര്‍ത്തീഭാവമാണ്. അമ്മയാണ് എപ്പോഴും ക്ഷമയോടെ ഞങ്ങളുടെ ഭാഗം കേട്ട് ഞങ്ങള്‍ സ്വയം ഉയരാനുള്ള ഉപദേശങ്ങള്‍ തന്ന് സഹായിക്കുന്നത്. എല്ലാവരേയും ഭരിച്ചുകൊണ്ട് ഒരു രാജ്ഞിയെപ്പോലെയാണ് അവര്‍ ആശ്രമത്തില്‍ ജീവിച്ചത്. എന്നിട്ടും മറ്റേതൊരു മുതിര്‍ന്ന വ്യക്തിയേയും പോലെ ഞങ്ങളെല്ലാം അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

അമ്മയുടെ ആശ്രമത്തില്‍ എല്ലാം തുറന്ന പുസ്തകമാണ്. തൊണ്ണൂറ് ശതമാനം സമയവും ഭക്തര്‍ക്കു ദര്‍ശനം കൊടുക്കാനായി അമ്മ പുറത്തു തന്നെയാണ്. അതിനു ശേഷം അമ്മയും ഞങ്ങളെല്ലാവരും കൂടി ആശ്രമ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തികളില്‍ ഏര്‍പ്പടും. ഇന്നു നമ്മള്‍ കാണുന്ന ആശ്രമ കെട്ടിടം കുറെ പണവുമായി ഒരു സുപ്രഭാതത്തില്‍ പൊന്തി വന്നതല്ല. അമ്മയുടേയും അന്തേവാസികളുടേയും വിയര്‍പ്പിന്റേയും സ്‌നേഹത്തിന്റേയും ഫലമാണത്. ഈ മഹാ യജ്ഞത്തില്‍ എനിക്ക് ഭാഗഭാക്കാകാന്‍ കഴിഞ്ഞത് ഒരു വലിയ അനുഗ്രഹമാണ്, അഭിമാനമാണ്.

ഗെയിലിന്റെ കള്ളത്തരങ്ങളെ പിന്‍താങ്ങുന്നവരോട് എനിക്ക് ഒന്നു ചോദിക്കാനുണ്ട്: നിങ്ങള്‍ എന്നെങ്കിലും ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ടോ? അമ്മ ദര്‍ശനം കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? അത് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു മനസിലാകും അമ്മ ആരാണെന്ന്. ഇരുപതു വര്‍ഷം ആശ്രമത്തില്‍ നിന്നു എന്ന ഒറ്റക്കാരണം വെച്ചുകൊണ്ട് ഗെയിലിന്റെ പൊള്ളയായ ജല്‍പനങ്ങളെ അന്ധമായി വിശ്വസിക്കുന്നവരോട് ഞാന്‍ അപേക്ഷിക്കുകയാണ്, നിങ്ങള്‍ ആശ്രമത്തില്‍ വന്ന് നിങ്ങളുടെ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണുക. അപ്പോള്‍ അമ്മയുടെ സ്‌നേഹത്തെ പറ്റി നിങ്ങള്‍ക്ക് തെളിവ് കിട്ടും.

ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഫാര്‍മസിക്കുള്ള പഠനം പൂര്‍ത്തിയാക്കി ആശ്രമത്തിലേക്ക് മടങ്ങിപ്പോകുന്ന സമയത്ത് ഒരു ബ്രഹ്മചാരിണിയായി ആശ്രമത്തിന്റെ ഹോസ്പിറ്റലില്‍ സേവ ചെയ്യാനായിരുന്നു ആദ്യം ചിന്തിച്ചത്. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കു സ്വയം ബോധ്യപ്പെട്ടു പൂര്‍ണ്ണമായ ആശ്രമജീവിതത്തിന് എനിക്കു പക്വതയില്ലന്ന്. അങ്ങനെ ആശ്രമം വിട്ടുപോകാന്‍ തീരുമാനിച്ചു. നേരിട്ട് അമ്മയോട് തന്നെ എന്റെ മനസ് അറിയിച്ചു. എന്റെ കണ്ണുകളില്‍ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു ‘നിനക്ക് പോകാം മോളേ. അമ്മയ്ക്ക് പ്രശ്‌നമില്ല. പക്ഷെ അമ്മ നിന്നോടൊപ്പമുണ്ടെന്ന് എപ്പോഴും ഓര്‍ക്കണം. നന്മ മാത്രം ചെയ്യുക. ഇവിടെ നിന്നും കിട്ടിയ ആദ്ധ്യാത്മിക മൂല്യങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക.’ ഭാരിച്ച ഹൃദയവുമായാണ് അന്ന് ഞാന്‍ ആശ്രമം വിട്ടത്. വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി അമ്മയെ വന്നുകണ്ടുകൊണ്ടിരുന്നു. എന്റെ വിവാഹവും അമ്മയുടെ അനുഗ്രഹത്താല്‍ ആശ്രമത്തില്‍ വെച്ചാണ് നടത്തിയത്. ഇതു വായിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ ഗാരന്‍റി തരാം, നിങ്ങള്‍ക്ക് ആശ്രമം വിട്ടുപോകണമെങ്കില്‍ അമ്മ ഒരിക്കലും അരുതെന്ന് പറയില്ല. ഒരുകാര്യം മാത്രമേ അമ്മ ആവശ്യപ്പെടുന്നുള്ളു. ആശ്രമത്തില്‍ നിന്നും ആര്‍ജ്ജിച്ച ആദ്ധ്യാത്മിക മൂല്യങ്ങള്‍ ഉപേക്ഷിക്കരുത്.

അതുകൊണ്ട് ഗെയിലിന് ആശ്രമം വിടാന്‍ ഒരു പഴുതും കിട്ടിയില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഗെയില്‍ ആശ്രമത്തില്‍ ഉണ്ടായിരുന്ന അതേ സമയത്ത് തന്നെയാണ് ഞാനും ആശ്രമത്തില്‍ ഉണ്ടായിരുന്നത്. അമ്മയുടെ അനുഗ്രഹത്തോടെയാണ് ഞാന്‍ ആശ്രമം വിടുന്നത് കാരണം പൂര്‍ണ്ണ സമര്‍പ്പണത്തോടെ ആദ്ധ്യാത്മിക ജീവിതം നയിക്കാന്‍ എനിക്കു കഴിയില്ലന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ലൗകിക ജീവിതം എനിക്ക് വേണ്ടിയിരുന്നു. അത് തുറന്നു സമ്മതിക്കാനുള്ള തന്റേടം എനിക്കുണ്ടായിരുന്നു. സത്യസന്ധരായിരിക്കാനാണ് അമ്മ നമ്മളെ പഠിപ്പിച്ചത്. സ്വയം നമ്മളെ വിശ്വസിക്കാനാണ് അമ്മ പഠിപ്പിച്ചത്. അമ്മ പകര്‍ന്നു തന്ന ധൈര്യം എന്റെ കുറവുകള്‍ ഏറ്റുപറഞ്ഞു ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ എന്നെ പ്രാപ്തയാക്കി. ആദ്ധ്യാത്മിക ജീവിതം ആത്മ സമര്‍പ്പണത്തിന്റെ യാത്രയാണ്. അത് പിന്‍തുടരാന്‍ ഒരുപക്ഷെ എല്ലാവര്‍ക്കും കഴിഞ്ഞു എന്നു വരില്ല. അത് ഗുരുവിന്റെ കുറവല്ല നമ്മുടെ പോരായ്മയാണ്. നമ്മുടെ കുറവുകളെ കണ്ടെത്തി അമ്മയുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ട് അവയെ സധൈര്യം നേരിട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് നമ്മള്‍ വേണ്ടത്. ഈ മനോഭാവം എന്നെ അമ്മയോടും അമ്മയുടെ ഉപദേശങ്ങളോടും കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്. എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും അമ്മയേയും അമ്മയുടെ ആശ്രമത്തേയും സ്‌നേഹിക്കുന്ന അമ്മയുടെ മകളാണ് ഞാന്‍. ‘അദ്ധ്യാത്മിക രംഗത്തെ ജ്വലിക്കുന്ന സൂര്യനാണ്’ അമ്മ. ഗെയിലിനെപോലെ സ്വാര്‍ത്ഥയും പ്രതികാര ദാഹിയും വിഢ്ഢിയുമായ ഒരാള്‍ക്ക് അമ്മയുടെ അനന്ത ശക്തിക്കും അദ്ധ്യാത്മിക പ്രഭാവത്തിനും കളങ്കം വരുത്താന്‍ സാധിക്കില്ല.

ഗെയില്‍, നിങ്ങള്‍ ഇനിയും ശക്തമായി ശ്രമിച്ചോളൂ. പക്ഷെ നിങ്ങളുടെ പാഴ്ജല്‍പനങ്ങള്‍ ഒന്നും തന്നെ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ത്യാഗത്തന്റേയും മൂര്‍ത്തിയായ, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയിലുള്ള വിശ്വാസത്തെ അല്‍പം പോലും ചലിപ്പിക്കാന്‍ കഴിയില്ല.

സസ്‌നേഹം
ദിവ്യ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )