അജ്ഞതയുടെ ആഘോഷങ്ങള്‍

Posted: മാര്‍ച്ച് 21, 2014 in malayalam

കളവുകളുടേയും മനോവിഭ്രാന്തിയുടേയും നരകമായിമാറിയ ഒരു സ്ത്രീമനസ്സ്. അവരെ പിന്‍തുടര്‍ന്ന് അവര്‍ പറഞ്ഞ കളവുകളെ ആവര്‍ത്തിച്ചുറപ്പിക്കുന്ന ചില മാധ്യമങ്ങള്‍. ഇവര്‍ നിരത്തുന്ന ചില യുക്തിചിന്തകരുടേയും ഇവര്‍ക്കൊപ്പം ഞെളിഞ്ഞിരിക്കുന്ന ഒരു “ഗിരി” പ്രഭാഷകന്റെയും വാചകഘോഷങ്ങള്‍. ഇങ്ങനെ അജ്ഞതയുടെ പലതരം ആഘോഷങ്ങളാണ് ഈയിടെ ചില ചാനലുകളില്‍ കാണാന്‍കഴിഞ്ഞത്.എല്ലാവര്‍ക്കും വേണ്ടത് ഒന്നുതന്നെ. മാതാഅമൃതാനന്ദമയിയുടെ ഉന്മൂലനം. അതിനായി ആക്രോശിക്കുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന്, കളവുകള്‍ ആവര്‍ത്തിച്ചുറപ്പിച്ചതുകൊണ്ട് അത് ഇന്നുവരെ സത്യമായിമാറിയിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എല്ലാ മഹാത്മാക്കളും എന്നേ വിസ്മൃതിയിലാകുമായിരുന്നു.

കളവുകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ബീഭത്സതയാണ് കൈരളിചാനലിലൂടെയും മറ്റു ചുരുക്കംചില ചാനലുകളിലൂടെയും ജനം കണ്ടറിഞ്ഞത് എന്നുപറഞ്ഞാല്‍ അതിശയമാകില്ല. ട്രെഡ് വെല്‍ കള്ളം പറയുന്നത് എന്തെങ്കിലും കാര്യസാധ്യത്തിനാണെന്ന് ഊഹിക്കാനാകും. എന്നാല്‍ അതിന്റെ മറപിടിച്ച് ഒരുകൂട്ടം ആള്‍ക്കാരെക്കൊണ്ട് ചാനല്‍ എന്തിനാണീ നുണയുത്സവം ആഘോഷിച്ചത് എന്ന് പലര്‍ക്കും വ്യക്തമാണെങ്കിലും എല്ലാവര്‍ക്കും അത് മനസ്സിലായെന്നുവരില്ല.

ആശ്രമം നിഗൂഢതകളുടെ ഇടമാണത്രേ. ചുരുക്കം ചില സ്ഥലങ്ങളില്‍ ചില ചെറിയ മതിലുകള്‍ മാത്രമുള്ളതൊഴിച്ചാല്‍ വള്ളിക്കാവാശ്രമം എപ്പോഴും ആര്‍ക്കും പ്രവേശിക്കാവുന്നനിലയില്‍ തുറന്നിട്ടിരിക്കയാണ്. അവിടെ വന്ന് കണ്ടുമനസ്സിലാക്കേണ്ടതിനു പകരം കേട്ടതൊക്കെ സത്യമാണെന്ന് വിളിച്ചുകൂവുന്നതിലാണ് ഏറെപ്പേര്‍ക്കും കൗതുകമെന്നുതോന്നുന്നു. പലപ്പോഴായുള്ള അനുഭവങ്ങള്‍ക്കൊണ്ടും ആയിരങ്ങള്‍ വന്നുപോകുന്ന ഇടമായതിനാലും അമ്മയോട് അടുപ്പമുള്ളവരും ബന്ധുജനങ്ങളും കുറച്ചൊക്കെ അവിടെ എന്തുനടക്കുന്നുവെന്ന് ശ്രദ്ധിയ്ക്കുന്നുണ്ടാകാം. അല്ലാതെ ആശ്രമത്തില്‍ അമ്മ ഗുണ്ടകളെ വളര്‍ത്തിനിര്‍ത്തിയിരിക്കുന്നത് ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ അടുത്തകാലങ്ങളില്‍ അമ്മയ്ക്കുനേരെ ചില ആക്രമണശ്രമങ്ങള്‍ ഉണ്ടായതിനാല്‍ സര്‍ക്കാര്‍തന്നെ കുറച്ചു പോലീസുകാരെ ശ്രദ്ധിക്കാനേല്‍പിച്ചതായും കാണുന്നുണ്ട്. അല്ലാതെ മഠത്തില്‍ പരിചയമുള്ളവര്‍ക്കും ഭക്തന്മാര്‍ക്കും അപ്രാപ്യമായ ഒരു സ്ഥലവും അവിടെ ഇതുവരെ കാണാനായിട്ടില്ല.. അമ്മയാണെങ്കില്‍ ആയിരങ്ങളുടെ മധ്യത്തിരുന്നാണ് എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നത്. പിന്നെ എന്തു നിഗൂഢതയാണ് ഇവരൊക്കെ മഠത്തിനുമേല്‍ ആരോപിക്കുന്നത്? അപ്പോള്‍ ആശ്രമത്തിനുമേല്‍ നിഗൂഢത ആരോപിക്കുന്നവര്‍ക്ക് ഏതോ നിഗൂഢലക്ഷ്യമുണ്ടെന്നു വ്യക്തം.

ആശ്രമാംഗങ്ങളും അമ്മയും ആഡംബരജീവിതമാണ് നയിക്കുന്നതെന്നാണ് മറ്റുചിലരുടെ പരാതി. അമ്മയുടെ സാന്നിദ്ധ്യത്തില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ അവിടെ ബഹുനിലക്കെട്ടിടങ്ങള്‍ ഉയര്‍ന്നു എന്നതു വാസ്തവമാണ്. എന്നാല്‍ ബ്രഹ്മചാരികളും അന്തേവാസികളും താമസിക്കുന്ന മുറികള്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഒന്നുപോയി കാണേണ്ടതുതന്നെയാണ്. തീപ്പെട്ടിപോലെ കുടുസ്സുമുറികളാണവ. അവയില്‍ ആകെ ഒരു ഫാനിന്റെ ആഡംബരംമാത്രമാണ് കാണാനുള്ളത്. പിന്നെ ഒരു പായയും. അമ്മയ്ക്കായി രാപകല്‍ ജോലിചെയ്യാന്‍ മടിയില്ലാത്തമക്കള്‍. അവരുടെ ശമ്പളമില്ലാത്ത അദ്ധ്വാനമാണ് അമ്മയുടെ സ്ഥാപനങ്ങളുടെ ലാഭമെന്ന് അമ്മതന്നെ പറയാറുണ്ട്. അവരെ ലോകോപകാരാര്‍ത്ഥം പണിയെടുപ്പിക്കുന്നതില്‍ അവര്‍ക്കും അമ്മയ്ക്കും സന്തോഷം മാത്രം. ഗെയിലിനെപോലെ അതില്‍ അതൃപ്തിയുള്ളവര്‍ ബ്രഹ്മചര്യത്തിന് ഇറങ്ങിപുറപ്പെടരുത്. അമ്മ ചെയ്യുന്ന കര്‍മ്മത്തിന്റെ വലുപ്പം അറിയുന്നവര്‍ ഒരിക്കലും അതുപറയുകയില്ല. ഉള്ളവനില്‍നിന്നു സ്വീകരിച്ച് ഇല്ലാത്തവനു നല്‍കുകയും താഴെത്തട്ടിലുള്ളവന്റെ ജീവിതദുരിതം കുറയ്ക്കുകയുമാണ് അമ്മ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ഭൗതികകര്‍മ്മം. അത് പിടിച്ചു പറിച്ചിട്ടല്ല സ്വമേധയാ സമര്‍ച്ചിക്കപ്പെടുകയാണ് പതിവ്. അമ്മയ്ക്ക് കാറുകള്‍ നല്‍കാന്‍പോലും മത്സരമാണ് അമ്മയുടെ സമ്പന്നരായ മക്കള്‍. അമ്മയില്‍നിന്ന് അവര്‍ക്കുലഭിക്കുതോ വിലമതിക്കാനാവാത്ത മനശ്ശാന്തിയും.

ചാനല്‍ചര്‍ച്ചകളില്‍കണ്ട ചിന്തകന്മാര്‍ക്കുപോലും നാരായണഗുരുദേവന്‍വരെ സമ്മതരാണ്. പക്ഷേ ജീവിച്ചിരിക്കുന്നു എന്ന ഒറ്റകാരണത്താല്‍ അവര്‍ക്ക് അമ്മയെ അംഗീകരിക്കാനാവുന്നില്ല. ആള്‍ദൈവമാണത്രേ. ആള്‍രൂപത്തില്‍ത്തന്നെയല്ലേ നമ്മള്‍ ഈശ്വരന്മാരെ ഇന്നുവരെ ആരാധിച്ചിട്ടുള്ളത്? അഥവാ ആള്‍ദൈവങ്ങള്‍ത്തന്നെയല്ലേ പരിശുദ്ധാത്മിവിലേക്കോ പരമാത്മചൈതന്യത്തിലേക്കോ സാധാരണമനുഷ്യരെ നയിച്ചിട്ടുള്ളത്?

സ്വന്തം ജീവിതകാലത്ത് സ്വന്തംനാട്ടില്‍ അംഗീകരിക്കപ്പെടാത്തതിന്റെ വിഷമം അനുഭവിച്ചവരാണ് എല്ലാ മഹാത്മാക്കളും. അതിപരിചയം അവജ്ഞയുളവാക്കും എന്നാണല്ലോ പറയാറ്.അവരുടെ മുന്നില്‍ കീറത്തുണിയോ കുട്ടിത്തോര്‍ത്തോധരിച്ച് നടന്ന സാധാരണ വ്യക്തിത്വങ്ങളിലെ ഈ അസാധാരണത്വം മനുഷ്യര്‍ക്ക് പെട്ടെന്ന് അംഗീകരിക്കാനാവില്ല. ശ്രീരാമകൃഷ്ണദേവനേയും നാരായണഗുരുദേവനേയും ആരും ആരാധിക്കുന്നത് അവര്‍ പറഞ്ഞിട്ടല്ല. അതുപോലെതന്നെയാണ് അമ്മയും. അമ്മയായി അനുഭവിക്കുന്നവര്‍ക്ക് അങ്ങനെയാകാം. ഈശ്വരിയായി അനുഭവപ്പെടുന്നവര്‍ക്ക് അതുമാകാം. അയല്‍ക്കാരിയായും സ്‌നേഹിതയായും കാണുന്ന നാട്ടുകാരും ഉണ്ട്. ഓരോരുത്തരുടെ മനസ്സിന്റെ ഭാവത്തിനനുസരണമായി അവര്‍ക്ക് തന്നാലാവുന്ന നന്മ ചെയ്യാനാണ് അമ്മ ശ്രമിക്കുന്നതെന്ന് കുറച്ചുദിവസം അമ്മയെ പരിചയപ്പെടാന്‍ ശ്രമിക്കുന്ന ആര്‍ക്കും വ്യക്തമാകും.

നിരീശ്വരവാദികളോട് “ഈശ്വരനെ വിശ്വസിക്കണം എന്നില്ലമോനെ അന്യരെ സേവിക്കുമ്പോള്‍ ആനന്ദമനുഭവിക്കുന്ന മനസ്സുണ്ടായാല്‍മതി”എന്നു പറയുന്ന അമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. കമ്യൂണിസ്റ്റുകാരോട് “നീ യഥാര്‍ത്ഥ കമ്യൂണിസ്റ്റായാല്‍ മതി മറ്റൊന്നും വേണ്ട” എന്നുപദേശിക്കുന്ന അമ്മയേയും ഞാന്‍ കണ്ടതാണ്. പക്ഷേ ആരിലും വിനയത്തിന്റെയും ഭക്തിയുടെയും സംസ്‌ക്കാരത്തെയാണ് അമ്മ പ്രോത്സാഹിപ്പിക്കുന്നത് എന്നുമാത്രം.

ആശ്രമത്തില്‍ നടന്ന കൊലപാതകപരമ്പരകള്‍ അന്വേഷിക്കണം എന്നതായിരുന്നു ചിലരുടെ ആവശ്യം. ഏതെങ്കിലും കുത്സിതബുദ്ധികള്‍ അങ്ങനെ പറഞ്ഞുധരിപ്പിച്ചതാണെങ്കില്‍ അതേക്കുറിച്ച് നാട്ടുകാരോടോ മരണപ്പെട്ടവരുടെ ബന്ധുക്കളോടോ നേരാംവണ്ണം അന്വേഷിച്ചാല്‍ മാത്രംമതിയാകും അത് എങ്ങനെയുള്ള മരണമായിരുന്നു എന്ന് വ്യക്തമാകുവാന്‍. നാരായണന്‍കുട്ടിയുടെയും സത്‌നാംസിംഗിന്റെയും മരണങ്ങളാണ് ഇവര്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. അതില്‍ നാരായണന്‍കുട്ടിയുടെ മരണത്തെക്കുറിച്ച് സഹോദരിതന്നെ പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇപ്പോള്‍ നെറ്റിലൂടെയും പ്രതികരിച്ചിട്ടുണ്ട്. അവരും മറ്റു ബന്ധുക്കളും ഇതില്‍ മഠത്തിന് ഒരുപങ്കുമില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും മറ്റുചിലര്‍ക്ക് അത് കൊലപാതകമാണെന്ന് സ്ഥാപിച്ചാലേ സമാധാനമുള്ളൂ. അവിടെയും ഇവിടെയും ഇരുന്നു വിളിച്ചുപറയുകയല്ലാതെ നേരായമാര്‍ഗം അവര്‍ നോക്കുന്നതുമില്ല. നാരായണന്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ആശ്രമവുമായിചേര്‍ത്ത് അപവാദപ്രചരണം നടത്തിയവരില്‍ പ്രമുഖസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയായിരുന്നു സ്ഥലവാസിയായ പവിഴസേനന്‍. ആപാവം തന്റെ വീടുംവൃക്ഷങ്ങളുമെല്ലാം ഇടിവെട്ടേറ്റു നശിച്ചപ്പോള്‍ കുറ്റബോധത്തോടെ അമ്മയെ സമീപിക്കുകയും അമ്മ അയാള്‍ക്ക് ആശ്രയമേകുകയുമാണ് ചെയ്തത്.

ഇനി സത്‌നാംസിംഗിന്റെ മരണം, യാതൊരുതളര്‍ച്ചയും വാട്ടവും ഇല്ലാതെ ഒരുമുറിപ്പാടുപോലും ഇല്ലാതെ അയാളെ പോലീസ് കൊണ്ടുപോകുന്നദൃശ്യം ആരോപണം ഉന്നയിക്കുന്ന ചാനലുകള്‍തന്നെ കാണിച്ചിട്ടുണ്ട്. എന്നിരിക്കെയാണ് മഠത്തില്‍വച്ചുതന്നെ അയാളെ മര്‍ദ്ദിച്ചവശനാക്കിയെന്നും അതായിരിക്കാം ദിവസങ്ങള്‍ക്കുശേഷമുള്ള അയാളുടെ മരണത്തിനിടയാക്കിയതെന്നുമൊക്കെ പറഞ്ഞുപരത്തുന്നത്. ആയിരങ്ങള്‍ വസിക്കുകയും വന്നുപോവുകയും ചെയ്യുന്ന ഇടങ്ങളില്‍ മരണങ്ങളും ആത്മഹത്യതളും നടക്കുന്നത് എല്ലാം കൊലപാതകമെന്ന് വ്യാഖ്യാനിക്കുന്നവരെ ആര്‍ക്കാണ് തടയുവാനാവുക? മനോവിഭ്രാന്തിയുള്ളവരെ ധാരാളമായി ബന്ധുക്കള്‍ ആശ്രമത്തില്‍ കൊണ്ടുവന്ന് താമസിപ്പിക്കാറുണ്ട്. ആരും ഒറ്റയ്ക്കായിരിക്കയുമില്ല. അവരില്‍ ചിലര്‍ ആത്മഹത്യാപ്രവണതകാട്ടിയാല്‍ അത് ദുരൂഹമരണം , കൊലപാതകം എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കഷ്ടമാണ് എന്നുമാത്രമേ പറയാനുള്ളൂ. രോഗംവന്നും പ്രായാധിക്യത്താലും ഒക്കെ ആശ്രമത്തില്‍ മരണം സംഭവിക്കുന്നുണ്ട്. അമ്മ എല്ലാവര്‍ക്കും അമരത്വം നല്‍കണം എന്നതാകാം അടുത്തവാദം. കഷ്ടം! എന്നല്ലാതെ എന്തുപറയാന്‍.

അമ്മയുടെ വളര്‍ച്ചയിലായിരുന്നു എല്ലാ ചര്‍ച്ചാകാരന്മാര്‍ക്കും ചാനല്‍അവതാരകര്‍ക്കും അസഹിഷ്ണുതയും ആശങ്കയും. അമ്മയോടൊപ്പം അമ്മയ്ക്കുചുറ്റും (ലോകമെമ്പാടും) ഭൗതികവും ആത്മീയവുമായ വളര്‍ച്ച സംഭവിക്കുന്നത് മാത്രം പലരും കാണാതെ പോവുകയും ചെയ്യുന്നു. ഈ വളര്‍ച്ച ലൗകീകരോടൊത്ത് സഹവസിച്ച എല്ലാ മഹാത്മാക്കളും കാലാനുസാരിയായി പരിഗണിച്ചതുമാണ്. ശ്രീരാമകൃഷ്ണദേവനും വിവേകാനന്ദസ്വാമികളും മിഷന്‍പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചവരാണ്. ശ്രീനാരായണഗുരുദേവന്‍ തന്റെ സമുദായാംഗങ്ങളോട് ബിസിനസ്സ് ചെയ്ത് വളരുവാനാണ് ഉപദേശം നല്‍കിയത്. കവിയായിരുന്നിട്ടും കുമാരനാശാന്‍ ഓട്ഫാക്ടറി തുടങ്ങിയത് ഗുരുവിന്റെ ഈ ഉപദേശം സ്വീകരിച്ചതിനാലാകുമല്ലോ. കരുണാകരഗുരുവും ആശ്രമത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ വളരാനാണ് അനുവദിച്ചത്. ഇന്നത്തെകാലത്ത് ഭൗതികവളര്‍ച്ചക്ക് എതിരായിനിന്ന് ആത്മാവിനുമോക്ഷംനല്‍കാം വരൂ എന്നു പറഞ്ഞാല്‍ എത്രപേര്‍ കേള്‍ക്കാന്‍ തയ്യാറാകും? ഒരു വ്യക്തിയുടെ ഭൗതികവളര്‍ച്ചപോലും അന്യര്‍ക്കുകൂടി ഉതകുന്നതായാല്‍ അത് ശ്രേഷ്ഠമെന്നിരിക്കെ ഒരു ആശ്രമത്തിന്റെ ഭൗതീകവളര്‍ച്ച എത്രമേല്‍ ലോകോപകാരപ്രദമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. ആയിരങ്ങളെക്കൊണ്ട് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സംഭവിക്കുന്ന ചില പിശകുകള്‍പോലും അതിനാലുണ്ടാകുന്ന നന്മയുമായി താരതമ്യംചെയ്ത് അവഗണിക്കാവുന്നവമാത്രമാണ്.

ഇവയിലെല്ലാം അധികമായി അമ്പരപ്പിച്ചത് സ്വാമി എന്ന് സ്വയം സംബോധനചെയ്ത് ഞെളിയുന്ന ഒരു ഗിരിപ്രഭാഷകന്റെ ആവേശമായിരുന്നു. അറിവില്ലായ്മയുടെ പേരില്‍ മറ്റെല്ലാവരോടും ക്ഷമിക്കുവാനാകും പക്ഷേ ഇദ്ദേഹത്തോട് അമ്മയ്ക്കു മാത്രമേ ക്ഷമിക്കുവാനാകൂ. ട്രെഡ് വെല്‍ എന്ന പഴയ ഗായത്രിക്ക് മനോവിഭ്രാന്തിയാണെന്നെങ്കിലും ചിന്തിക്കാം എന്നാല്‍ ഈ“സ്വാമി”യില്‍ അഹങ്കാരത്തിന്റെ അന്ധതയല്ലാതെ മറ്റൊന്നും കാണാനാവുന്നില്ല. അമൃതാനന്ദമയി ഭാരതത്തിന്റെ ആത്മീയതയ്ക്കുവേണ്ടി എന്താണ് സംഭാവന നല്‍കിയിട്ടുള്ളത്? എന്ന് അദേഹം ചോദിച്ചതുകൊണ്ട് പറഞ്ഞുപോവുകയാണ് ആ സ്വാമി ആത്മീയലോകത്തിന് സംഭാവനചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളുടെ (ഭാഷ, വ്യാകരണം, അര്‍ത്ഥം,ആശയം) അളവുവച്ചുനോക്കിയാല്‍ അമ്മയുടെ സംഭാവനകള്‍ ഒന്നുമില്ലെന്നുതന്നെപറയാം. ഇത് അതിശയോക്തിയാണെന്ന് ശ്രീമാന്‍ “സ്വാമി” ധരിക്കരുത്. സംശയമുണ്ടെങ്കില്‍ എന്റെ ഈ പ്രസ്താവന തെറ്റാണെന്ന് പണ്ഡിതലോകം ആദരിക്കുന്ന ഏതെങ്കിലും ഒരു ആദ്ധ്യാത്മികപ്രഭാഷകനെക്കൊണ്ട് ആ ദേഹം ഒന്നു പറയിക്കാന്‍ ശ്രമിക്കട്ടെ.

മലയാളം എം.എ മാത്രമാണ് ഈയുള്ളവളുടെ വിദ്യാഭ്യാസയോഗ്യത.. എന്നിട്ടും ഈ “സ്വാമി”യുടെ പ്രഭാഷണം ടിവിയിലൂടെ കേട്ടപ്പോള്‍ എനിക്കുപോലും അയ്യേ തെറ്റുപറയുന്നോ എന്നുതോന്നിയെങ്കില്‍ അറിയാനും അന്വേഷിക്കാനും ശേഷിയുള്ളവരുടെ മനസ്സില്‍ അങ്ങ് എവിടുത്തെ സ്വാമിയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കാര്യംതെറ്റുകള്‍ ആര്‍ക്കും പറ്റാം പക്ഷേ താനൊരു പണ്ഢിതനാണെന്നും ഭാരതീയഋഷീശ്വരന്മാരുടെ ദര്‍ശനങ്ങളെ അരച്ചുകലക്കി കുടിച്ചവനാണെന്നും ഭാവിക്കരുത്. ഭക്തിയേയും വിശ്വാസങ്ങളേയും അവമതിച്ചുകൊണ്ട് യുക്തിവാദികളുടെ സ്വാമിയാകാന്‍ ശ്രമിക്കുന്നതുകൊള്ളാം. അമൃതാനന്ദമയീദേവിയുടെയും ശ്രീരാമകൃഷ്ണദേവന്റെയും ഭക്തി (ഇരുവരും ഭാവഭക്തിയിലൂടെയാണല്ലോ സാക്ഷാത്ക്കാരത്തിലെത്തിയത്.) ഹിസ്റ്റീരിക് ഭക്തിയെന്നു പറഞ്ഞ് പരിഹസിക്കാന്‍ ശ്രമിക്കുന്നതിലേ വിയോജിപ്പുള്ളൂ.

അമൃതാനന്ദമയീദേവിയുടെ ഭക്തര്‍ തന്നെ ഭത്സിക്കുന്നു എന്ന പരാതിയും സ്വാമി ഉന്നയിച്ചുകേട്ടു, എങ്ങനെ ഭത്സിക്കാതിരിക്കും? രാമനും കൃഷ്ണനും മഹാഭാരതവുമൊക്കെ ഭാരതത്തിന്റെ ആത്മാവാണ്. അതൊക്കെ വെറും കഥകളാണെന്നും ഭാരതയുദ്ധം നടന്നിട്ടില്ലെന്നും മറ്റും ഒരു സ്വാമി ഇരുന്നരുളിച്ചെയ്യുന്നതുകണ്ടാല്‍ ആര്‍ക്കാണ് സഹിക്കാനാവുക? ശ്രീരാമന്റെയും ശ്രീകൃഷ്ണന്റയും കഥകളില്‍ കവികല്പനകള്‍ ധാരാളമുണ്ട് എന്ന് പറയുന്നത് വരെ അംഗീകരിക്കാനേ ഒരു ഭാരതീയന് സാധിക്കൂ. അല്ലാതെ ആ യുഗപുരുഷന്മാര്‍ ജീവിച്ചിരുന്നിട്ടില്ലെന്ന് പറയാന്‍ എന്താധികാരികതയാണ് ഈ മഹാനുള്ളത് ? യുക്തിവാദികള്‍ക്ക് യുക്തിയുടെ പിന്‍ബലമെങ്കിലും ഉണ്ടാകും. സ്വാമി എന്ന് വിശേഷിപ്പിക്കുന്ന ആളിനോ യുക്തിയുമില്ല ഭക്തിയുമില്ല എന്നതാണ് അവസ്ഥ. ജ്ഞാനിയാണോ എന്നു ചോദിച്ചാല്‍ ഭാഷപോലും വേണ്ടവണ്ണം മനസ്സിലാക്കാതെയാണ് ജ്ഞാനദീക്ഷയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും വ്യക്തമാണ്. സത്യം പറഞ്ഞാല്‍ ഇദ്ദേഹത്തിന് രക്ഷപ്പെടാന്‍ ഇനി ഒറ്റ മാര്‍ഗമേയുള്ളൂ, ഏതെങ്കിലും ഇഷ്ടദേവതയുടെ സമക്ഷത്തില്‍ വ്രതമിരുന്ന് ജ്ഞാനഭിക്ഷക്കായി കരഞ്ഞ് പ്രാര്‍ത്ഥിക്കാം. അജ്ഞാനിയായിരുന്ന കാളിദാസന് ജ്ഞാനഭിക്ഷ നല്‍കിയവളാണ് ദേവി. അതുപോലെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ കനിയുന്നതാണ് ഏത് ദേവീചൈതന്യവും. അതില്‍ സംശയമില്ല.

– മിനികിരണ്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )