ആരോപണങ്ങളുന്നയിക്കാന്‍ ഗെയ്ല്‍ ഇത്ര വൈകിയതെന്തുകൊണ്ട്?

Posted: മാര്‍ച്ച് 1, 2014 in malayalam

എന്‍റെ പേരു് അര്‍പ്പണ. ഞാന്‍ ഒരു വക്കീലാണ്. 19992 മുതല്‍ അമ്മയുടെ ഭക്തയാണ്. ഗെയ്ല്‍ അമ്മയുടെ ആശ്രമം വിടുമ്പോള്‍ ഞാന്‍ ഹവായില്‍ താമസമായിരുന്നു. എനിക്ക് ഗെയ്‌ലുമായുള്ള മുന്‍പരിചയം അല്പമേയുണ്ടായിരുന്നുള്ളൂ എങ്കിലും ആശ്രമം വിട്ടശേഷം അവര്‍ ഹവായിലേക്കാണ് വന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അവര്‍ ഹവായില്‍ താമസസൗകര്യം അന്വേഷിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അവരെ എന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. പിന്നീടുള്ള ഒരു വര്‍ഷം അവര്‍ എന്റെ വീട്ടിലാണ് താമസിച്ചത്. അക്കാലമത്രയും അവര്‍ക്ക് സൗജന്യ താമസവും, ഭക്ഷണവും സ്‌നേഹോഷ്മളവും സഹായപൂര്‍ണവുമായ ജീവിതാന്തരീക്ഷമാണ് നല്‍കിയത്. ഞങ്ങള്‍ ഒരുമിച്ചു സമയം ചെലവഴിച്ചു കൊണ്ടിരുന്നു. ഒരുമിച്ചു ഭക്ഷണം പാകം ചെയ്തു. അടുത്തുള്ള ബീച്ചില്‍ നീന്തി. നായയുമൊത്തു കളിച്ചു. കൂട്ടുകാരുമൊത്തു സഞ്ചരിച്ചു. അവര്‍ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവരെ പാരലല്‍ പാര്‍ക്കിംഗ് പഠിപ്പിച്ചു. ചുരുക്കത്തില്‍ അവര്‍ ഒരു കുടുംബാംഗമായി. അമ്മയുടെ ഭക്തകളെ മാത്രം ഉള്‍ക്കൊള്ളുന്ന, പരസ്പരം സഹായിക്കുന്ന, ഉള്ളുകൊണ്ടു വളരെ അടുത്ത ഒരു സൗഹൃദസംഘം അവിടെയുണ്ടായിരുന്നു. ആ കൂട്ടായ്മയാണ് ഗെയ്‌ലിനെ ഞങ്ങളുടെ കൂടെ ചേര്‍ത്തത്. ഞങ്ങള്‍ ഒരുമിച്ച് പുറത്തു ചുറ്റിക്കറങ്ങുമ്പോള്‍ അമ്മയോടൊത്തുള്ള പഴയ ദിവസങ്ങളുടെ കഥകള്‍ പറയുമായിരുന്നു. ഗെയ്ല്‍ തന്റെ അനുഭവങ്ങള്‍ സരസമായി വര്‍ണ്ണിച്ചുകൊണ്ട് ഇതില്‍ പങ്കു ചേര്‍ന്നിരുന്നു. ഇപ്പോള്‍ തന്റെ പുസ്തകത്തില്‍ ഗെയ്ല്‍ ഉന്നയിച്ചിരിക്കുന്ന പീഡനത്തെപ്പറ്റിയോ അക്രമത്തെപ്പറ്റിയോ ഉള്ള ആരോപണങ്ങള്‍ ഒന്നുംതന്നെ ആ ഒരു കൊല്ലക്കാലം അവര്‍ മിണ്ടിയിട്ടില്ല. സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്ന, പരസ്പരം സഹായിക്കുന്ന ആ സൗഹൃദസംഘത്തില്‍ സംസാരിക്കുമ്പോള്‍, 14 വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച്, ലൈംഗികപീഡനങ്ങളെക്കുറിച്ച് അവര്‍ ഒരു സൂചനപോലും തന്നിരുന്നില്ല.

ഗെയ്ല്‍ എന്നെ തികച്ചും വിശ്വസിച്ച്, ആശ്രമത്തെക്കുറിച്ച് തനിക്കുള്ള അസംതൃപ്തിയുടെ കഥകള്‍ പറഞ്ഞു. അമ്മയും സ്വാമിമാരും അവരോട് ഒട്ടും ഔദാര്യം കാട്ടുന്നില്ലെന്നും, താനര്‍ഹിക്കുന്ന ആദരവ് തനിക്കു നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. അമ്മയുടെ പ്രസ്ഥാനം നടത്തികൊണ്ടു പോവുകയാണ് താന്‍ ചെയ്യുന്നതെന്ന അവരുടെ ധാരണയിന്മേലാണ് അവര്‍ ഇതു പറഞ്ഞത്. തനിക്ക് അമ്മയിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് ഇതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. എന്‍റെയൊപ്പം വസിച്ച ആ ഒരു വര്‍ഷത്തെ സംഭാഷണങ്ങള്‍ക്കിടയേ്ക്കാ, പിന്നീടുണ്ടായ സംഭാഷണങ്ങളിലോ ഒരിക്കല്‍പോലും ലൈംഗികപീഡനത്തെപ്പറ്റി ഒന്നും അവര്‍ പറഞ്ഞിരുന്നില്ല. ഒന്നുമില്ല, ഒരു വാക്കുപോലും. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ വഴിതെറ്റിപ്പോയ ഒരു സ്ത്രീയായിട്ടാണ് അവര്‍ കാണപ്പെട്ടത്. ഗെയ്ല്‍ എന്നോട് ദയാരഹിതയായിരുന്നില്ല.; പക്ഷെ പലരേയും ക്രൂരമായി അധിക്ഷേപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതു് എനിക്ക് അസ്വാസ്ഥ്യജനകമായിരുന്നു. ഇക്കാലത്ത് ഞാന്‍ ലക്ഷ്മിയുമായി പലവട്ടം സംസാരിച്ചിരുന്നു. ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ള സംഭവങ്ങള്‍ അന്നേ എന്നോടു പറഞ്ഞിട്ടുണ്ട്. തന്നോടു ചെയ്തിട്ടുള്ള ക്രൂരതകളെല്ലാമിരിക്കെത്തന്നെ, ഗെയ്‌ലിന്റെ വേര്‍പാടില്‍ ലക്ഷ്മി ദുഃഖിതയായി. ഗെയ്ല്‍ തിരിച്ചു വരുമെന്ന് ആശിക്കുകയും ചെയ്തു. വിട്ടുപോയപ്പോള്‍ ആശ്രമം ഗെയ്‌ലിന് ഒരു തുക നല്‍കിയിരുന്നു. ഗെയ്ല്‍ ഇതിനെ പെന്‍ഷന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എനിക്ക് ഇതു് വ്യക്തിപരമായി നേരിട്ടറിയാവുന്ന കാര്യമാണ്. കാരണം, ഈ പണം ഒരു ഇന്‍വെസ്റ്റ്‌മെന്റ് അഡ്‌വൈസറെക്കൊണ്ട് ഡെപ്പോസിറ്റു ചെയ്യിക്കാന്‍ ഗെയ്‌ലിനെ സഹായിച്ചത് ഞാനാണ്. ഗെയ്‌ലിന്റെ പുസ്തകത്തില്‍ ഇക്കാര്യം മനഃപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നതു കണ്ട് എനിക്ക് ആശ്ചര്യം തോന്നുന്നു. തനിക്ക് ഒരു അഭയാര്‍ഥിയായിട്ടാണ് പോകേണ്ടി വന്നതെന്നും, ഒളിവില്‍ പോകേണ്ടി വന്നു എന്നും അവര്‍ എഴുതിയിരിക്കുന്നതും വൈരുധ്യപൂര്‍ണ്ണമാണ്. വാസ്തവത്തില്‍ ആശ്രമത്തില്‍ നിന്ന് ആരുംതന്നെ ഗെയ്‌ലിനെ അന്വേഷിച്ചു വന്നിട്ടില്ല ഗെയ്ല്‍ എവിടെയാണ് വസിക്കുന്നതെന്ന് അറിയാമായിരുന്നെങ്കിലും.

ആശ്രമത്തിലേക്കു തിരിച്ചു വരാന്‍ ആരും ഗെയ്‌ലിനെ നിര്‍ബ്ബന്ധിച്ചില്ല. അവര്‍ ഒരു തവണ അമൃതസ്വരൂപാനന്ദ സ്വാമിയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ സ്വാമിക്ക് കൊടുക്കുകയും ചെയ്തു. ഇതൊഴിച്ചാല്‍, ഹവായിലുള്ളകാലത്ത് ആശ്രമവാസികള്‍ അവരെ സ്വന്തം ഇഷ്ടത്തിനു വിടുകയാണ് ചെയ്തത്. ദയാമൃതസ്വാമി ഭക്തരുടെ വാര്‍ഷിക അന്തര്‍യോഗത്തിനു വേണ്ടി ഹവായില്‍ തങ്ങിയ ഒരാഴ്ചക്കാലം ഞങ്ങളുടെ വസതി പല ഭക്തന്മാര്‍ക്കും പാര്‍പ്പിടമൊരുക്കി. ആ ഒരാഴ്ച സമയം ഗെയ്‌ലിനു മറ്റൊരു വാടകവസതി തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അന്തര്‍യോഗ സമയത്ത് ഒരു ദിവസം ഗെയ്ല്‍ ഭക്തര്‍ക്കു വേണ്ടി അത്താഴം ഉണ്ടാക്കി. ഞങ്ങള്‍ അത് ഭക്തര്‍ക്ക് വിളമ്പിക്കൊടുക്കുകയും ചെയ്തു. ഗെയ്ല്‍ വരുമാനത്തിനു വേണ്ടി ആഭരണങ്ങള്‍ ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചു. വീടുകളില്‍ പാചകം ചെയ്യാനും, ഭാരതീയ ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന ക്ലാസ്സുകള്‍ എടുക്കാനും തുടങ്ങി. തന്റെ പുതിയ ജീവിതത്തില്‍ ഒരുവിധം സംതൃപ്തയെപ്പോലെയാണ് അവര്‍ കാണപ്പെട്ടത്. അവര്‍ ആശ്രമം വിട്ട സമയത്തായിരിക്കണമെല്ലൊ, ദുരിതാനുഭവങ്ങളുടെ ഓര്‍മ്മകള്‍ അവരുടെ ഉള്ളില്‍ പച്ചയായിരിക്കുന്നത്. ആ സമയത്തൊന്നും ഒരു ലാംഛനപോലും തരാത്ത കഥകളുമായി ഇപ്പോള്‍ വന്നിരിക്കുന്നതെന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. അതെക്കുറിച്ച് ഒന്നും അനുമാനിക്കാനും ഞാനുദ്ദേശിക്കുന്നില്ല.

ആശ്രമം വിട്ടശേഷമുള്ള ആ ഒരു വര്‍ഷം അവര്‍ എന്തായിരുന്നുവോ, അതിനോടു യോജിക്കുന്നതല്ല അവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്. ആശ്രമത്തിനു പുറത്തുള്ള ജീവിതവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് അല്പം ബുദ്ധിമുട്ടേണ്ടി വന്നു എന്നതു ശരിതന്നെ. ആശ്രമത്തിലെ പല കാര്യങ്ങളോടും അവര്‍ ദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, അവര്‍ ഒരിക്കലും ലൈംഗികപീഡനത്തെക്കുറിച്ച്, അമ്മയോ സ്വാമിമാരോ മൂലമുണ്ടായ വഴിവിട്ട ലൈംഗികതയെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ല. തന്റെ ആരോപണങ്ങളില്‍ അല്പമെങ്കിലും കഴമ്പുണ്ട് എങ്കില്‍, ആ ആരോപണങ്ങളുന്നയിക്കാന്‍ അവര്‍ ഇത്ര വൈകിയതെന്തുകൊണ്ട്?

അവരോടൊപ്പമുള്ള എന്റെ ഒരു കൊല്ലക്കാലത്തെ സംവാദങ്ങളുടെയും ഇപ്പോള്‍ ഞാന്‍ കാലിഫോര്‍ണിയയില്‍ എത്തിയശേഷം അവരുമായുണ്ടായ സന്ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നത് അവരുടെ ഈ ആരോപണങ്ങളില്‍ ഒരു തരിപോലും കഴമ്പില്ല എന്നാണ്. ഇതുകൊണ്ടാണ് എനിക്ക് എന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സത്യം വെളിപ്പെടുത്താന്‍ മുന്നോട്ടു വരേണ്ടിവന്നത്.

-അര്‍പ്പണ

ഒരു അഭിപ്രായം ഇടൂ