ആശ്രമങ്ങളെ അപവാദങ്ങളില്‍ കുടുക്കുന്നതിനെതിരെ സന്ന്യാസിമാര്‍

Posted: മാര്‍ച്ച് 2, 2014 in malayalam

ആശ്രമങ്ങളെയും മഠങ്ങളെയും അപവാദങ്ങളില്‍ കുടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ സന്ന്യാസിമഠങ്ങളുടെ ചുമതല വഹിക്കുന്ന ആചാര്യന്മാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമീപകാല പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഈ ഗൂഢലക്ഷ്യമുണ്ട്.

ആശ്രമങ്ങളും മഠങ്ങളും ധര്‍മ്മസ്‌നേഹികളും ഈ പ്രതിസന്ധിഘട്ടത്തില്‍ ഒന്നിച്ചുനിന്നു വെല്ലുവിളികളെ നേരിടണമെന്നും ഇച്ഛാശക്തിയും മനോവീര്യവും പ്രകടിപ്പിക്കണമെന്നും ചിന്മയാമിഷന്‍ സംസ്ഥാനാധിപതി സ്വാമി വിവിക്താനന്ദ, ശിവഗിരിമഠം പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ, മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന പ്രസിഡന്‍റ് സ്വാമി ചിദാനന്ദപുരി എന്നിവര്‍ ആവശ്യപ്പെട്ടു.

ധര്‍മ്മവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന ആധ്യാത്മിക കേന്ദ്രങ്ങളാണ് മഠങ്ങളും ആശ്രമങ്ങളും. അവക്കെതിരെ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളിലും കരുനീക്കങ്ങളിലും ധര്‍മ്മസ്‌നേഹികള്‍ക്ക് വളരെയേറെ ഉല്‍ക്കണ്ഠയും വേദനയുമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന സന്നദ്ധസംരംഭങ്ങളും ആധ്യാത്മിക നവോത്ഥാന യത്‌നങ്ങളും വഴി കേരളത്തിന്റെ ധാര്‍മ്മിക-ആധ്യാത്മിക-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ വിലയേറിയ സംഭാവനകള്‍ അമൃതാനന്ദമയീമഠം നല്‍കിവരുന്നു.

മഠത്തിനെതിരെ കുറെ നാളുകളായി നടന്നുവരുന്ന കുപ്രചാരണങ്ങള്‍ ആസൂത്രിതവും സംഘടിതവുമാണെന്ന് അവര്‍ പറഞ്ഞു. ആശ്രമങ്ങളെയും മഠങ്ങളെയും അപവാദങ്ങളില്‍ കുടുക്കി ജനങ്ങളുടെ മനോവീര്യം കെടുത്താനുള്ള ഗൂഢോദ്ദേശ്യം ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. മഹത്തായ പൈതൃകവും ധാര്‍മ്മികമൂല്യങ്ങളും എന്നെന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ആശ്രമങ്ങളും മഠങ്ങളും ധര്‍മ്മസ്‌നേഹികളും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒന്നിച്ചുനിന്ന് വെല്ലുവിളികളെ നേരിടണമെന്നും ഇച്ഛാശക്തിയും മനോവീര്യവും പ്രകടിപ്പിക്കണമെന്നും മഠാധിപതികള്‍ അഭ്യര്‍ത്ഥിച്ചു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം ഇടൂ